ഇന്ത്യയിൽ സൈബർ തട്ടിപ്പ് പെരുകുന്നു; നഷ്ടം 11,333 കോടി

0

കോതമംഗലം: ഇന്ത്യയിൽ സൈബർ തട്ടിപ്പുകളുടെ എണ്ണം പെരുകുന്നതായി കണക്കുകൾ. 2024ലെ ആദ്യ ഒമ്പതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 11,333 കോടി രൂപയാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ (ഐ4സി) സമാഹരിച്ച കണക്കുകളാണ് പുറത്തുവന്നത്.

ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. 4,636 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് 2,28,094 പരാതികൾ ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 3,216 കോടി രൂപയും, ഡിജിറ്റൽ അറസ്റ്റുകളിലൂടെ 1,616 കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ലക്ഷം പരാതികൾ ഈ വർഷം ഉണ്ടായതായി സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റം സൂചിപ്പിക്കുന്നു.

ഇതിൽ 45 ശതമാനം പരാതികളും കംബോഡിയ, മ്യാൻമർ, ലാവോസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളതാണ്. 2021 മുതൽ, 30.05 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 27,914 കോടി രൂപ ഈ കാലയളവിൽ നഷ്ടപ്പെട്ടു. 11,31,221 പരാതികൾ 2023ലും, 5,14,741 പരാതികൾ 2022ലും, 1,35,242 പരാതികൾ 2021ലും രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. സൈബർ തട്ടിപ്പുകളിലൂടെ മോഷ്ടിച്ച പണം ചെക്കുകൾ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി, ഫിൻടെക് ക്രിപ്റ്റോ, എടിഎമ്മുകൾ, മർച്ചന്‍റ് പേയ്മെന്‍റുകൾ, ഇ-വാലറ്റുകൾ എന്നിവ ഉപയോഗിച്ച് പിൻവലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രവർത്തനങ്ങളെ തടയുന്നതിനായി ഏകദേശം 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടന്നും ഐ4സി അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികളുമായി ബന്ധപ്പെട്ടിട്ടുള്ള 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകളും അധികൃതർ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

യുപിഐ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണ്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5 ശതമാനം വർധനയുണ്ടായി. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നത്. മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളായിരുന്നു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളവിൽ നടന്നെന്നും 485 കോടി രൂപ നഷ്ടമായെന്നും ധനമന്ത്രാലയം ലോക്സ‌ഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു. സൈബർ തട്ടിപ്പ് കെണിയിൽ സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ ഉന്നതർ മുതൽ സാധാരണക്കാരുടെ വരെ പണമാണ് നഷ്ട്ടമായിട്ടുള്ളത്.