‘ഫെന്‍ഗല്‍’ ശനിയാഴ്ച കരതൊടും, തമിഴ്‌നാട്ടില്‍ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

0
Sea waves crash against the shore in Puducherry | PTI

ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാഹചര്യത്തിനനുസരിച്ച് മഴ മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഗൂഡല്ലൂര്‍, വിഴുപുരം, കള്ളാക്കുറിച്ചി, മയിലാടുതുറൈ ജില്ലകളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡ്, ഓള്‍ഡ് മഹാബലിപുരം റോഡ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്കുശേഷം ഗതാഗതനിയന്ത്രണമുണ്ട്. അത്യാവശ്യഘട്ടങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബീച്ച്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.