ദൃശ്യചാരുതയുടെ കൂട്ടുകാരൻ

    0

    വാക്കുകളേക്കാൾ വാചാലമായ അനവധി ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച ക്യാമറയുടെ കളിത്തോഴൻ ഡാനിഷ് സിദ്ധീഖി യാത്രയായി – ലെൻസുകൾക്കും ഫ്രെയിമുകൾക്കുമപ്പുറത്തുള്ള ലോകത്തേക്ക്. തൻ്റെ ക്യാമറക്കണ്ണുകൾ കൊണ്ട് അപൂർവ്വ നിമിഷങ്ങൾ ഒപ്പിയെടുത്ത് അനശ്വരമാക്കിയ സിദ്ധീഖ് ലോകത്തിന് സമ്മാനിച്ചത് ചിത്രങ്ങൾ മാത്രമായിരുന്നില്ല. അതിലും വലിയ ചരിത്ര സാക്ഷ്യങ്ങൾ തന്നെയായിരുന്നു. തോളിൽ തൂക്കിയിട്ട ക്യാമറ അദ്ദേഹത്തിന് അലങ്കാരമായിരുന്നില്ല ശക്തമായ ആയുധമായിരുന്നു.

    ഫോട്ടോഗ്രാഫി കേവലം കലയല്ലെന്നും അത് സമഗ്രമായ രാഷ്ടീയ സാംസ്കാരിക പ്രവർത്തനമാന്നെന്നും തെളിയിക്കുന്നതായിരുന്നു അദ്ദേഹം പകർത്തിയ ഓരോ ചിത്രങ്ങളും. ഏതൊരു ദുരന്തമുഖത്തേക്കും ക്യാമറയുമായി ഒരു പടയാളിയുടെ മനോബലത്തോടെ നിശ്ചയദാർഢ്യത്തോടെ ആശങ്കകളില്ലാതെ ചുവട് വെച്ചിരുന്ന അദ്ദേഹത്തിൻ്റെ വഴികളൊന്നും പുഷ്പ പാതകളായിരുന്നില്ല.

    റോഹിംഗ്യൻ അഭയാർത്ഥികളുടെ പലായനം, കോവിഡിൻ്റെ പശ്ചാത്തലത്തിലുള്ള ഉത്തരേന്ത്യയിലെയും ദില്ലിയിലെയും ഭീതിദമായ കാഴ്ചകൾ, എണ്ണിയാലൊടുങ്ങാത്ത അപൂർവ്വ സ്നാപ്പുകളിൽ അനശ്വരമാക്കിയ അതുല്യനായ ഫോട്ടോ ജേർണലിസ്റ്റ്. ഒരു റിവോൾവറിൽ നിന്നുതിരുന്ന ഷോട്ടുകളേക്കാൾ ശക്തമാണ് ക്യാമാറാ ഷോട്ടെന്ന് ലോകത്തിനെ പഠിപ്പിച്ച വാർത്താ ചിത്രകാരൻ – അതായിരുന്നു ഡാനിഷ് സിദ്ധീഖ്.

    കാലത്തിനും ചരിത്രത്തിനും സൂക്ഷിക്കാൻ അപൂർവ്വമായ നിശ്ചലചിത്ര ശേഖരമൊരുക്കിയ പ്രതിഭ’ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ നിശ്ചലമാണെങ്കിലും തൻ്റെ ചിത്രങ്ങളിലൂടെ മനുഷ്യ ഹൃദയങ്ങളെ ചലിപ്പിച്ചിരുന്ന, വരും കാലങ്ങളിലും ചലിപ്പിക്കാൻ കഴിയുന്ന ചിത്രങ്ങൾ സമ്മാനിച്ച പുലിറ്റ്സർ ജേതാവായ ഈ പ്രതിഭ വ്യാഴാഴ്ച രാത്രിയുണ്ടായ താലിബാൻ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

    കാലത്തിന് മായ്ക്കാൻ കഴിയാത്ത ഒരു നിശ്ചലചിത്രമായി എക്കാലവും മനുഷ്യ മനസ്സിൽ ഡാനിഷ് സിദ്ധീഖി എന്ന ഫോട്ടോ ജേർണലിസ്റ്റ് സ്ഥാനം പിടിച്ചിരിക്കുക തന്നെ ചെയ്യും. കണ്ണീരോടെ വിട…