പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനുള്ള തീയതി നീട്ടി

0

വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ്-19 പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്ന തീയ്യതി സർക്കാർ നീട്ടി. തീയ്യതി ജൂണ്‍ 24 വരെ നീട്ടി. ജൂണ്‍ 25 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പരിശോധനക്ക് വിധേയരായിരിക്കണം.

കോവിഡ്-19 നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും വെവ്വേറെ കൊണ്ടുവരണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയത്. കോവിഡ്-19 പരിശോധനക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിബന്ധന നടപ്പാക്കുന്നത് നാലുദിവസം നീട്ടിയതെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ അറിയിച്ചു.

ശനിയാഴ്ച (ജൂൺ 20) മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പരിശോധന കിറ്റുകളും ക്രമീകരണങ്ങളും 25നകം സജ്ജമാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാതെ സുപ്രീം കോടതി. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി. പരിശോധന നടത്തുന്നതു നല്ലതല്ലേയെന്നു കോടതി ചോദിച്ചു. പരാതിയുള്ളവര്‍ക്ക് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാം, പരാതികളില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്താത്തതോടെ സൗദി അറേബ്യ അടക്കം നാലു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയിലായി.

ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന കോവിഡ് പരിശോധനാ മാർഗങ്ങൾ മനസിലാക്കാതെയാണ് കേരളം ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പ്രവാസി മലയാളികളുടെ പരാതി. സൗദി അറേബ്യയിൽ നിലവിൽ പിസിആർ പരിശോധനയ്ക്ക് മാത്രമാണ് സാധുത. കേരള സർക്കാർ നിർദേശിക്കുന്ന ആന്റിബോഡി ടെസ്റ്റിനും ട്രൂ നാറ്റ് ടെസ്റ്റിനും ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.

ചാർട്ടേഡ് വിമാന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ഒമാനിലെയും സൗദിയിലെയും ഇന്ത്യൻ എംബസികൾ 4 ദിവസം മുൻപു നിർദേശിച്ചതല്ലാതെ പുതിയ നിർദേശങ്ങൾ അറിയിച്ചിട്ടില്ലെന്നത് ടിക്കറ്റെടുത്തവരെയടക്കം ആശങ്കയിലാക്കിയിരിക്കുകയാണ്. ടിക്കറ്റെടുത്ത ഗർഭിണികളടക്കമുള്ളവരുടെ യാത്രയാണു സംസ്ഥാന സർക്കാർ നിലപാടു കാരണം മുടങ്ങുന്നത്.