അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദ് ഇബ്രാഹിന് അജ്ഞാതര്‍ വിഷം നല്‍കിയെന്നും ആരോഗ്യ നില ഗുരുതരമാണെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പാകിസ്താന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദാവൂദിന്റെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് അനുമതിയുള്ളൂ. ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളായ അലിഷാ പാര്‍ക്കര്‍, സാജിദ് വാഗ്ലെ എന്നിവരില്‍ നിന്ന് ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമിക്കുകയാണ്.
ഈ വര്‍ഷമാദ്യം ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും രണ്ടാമതും വിവാഹം കഴിച്ചെന്നും സഹോദരി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ പാര്‍ക്കര്‍ എഎന്‍ഐക്ക് വിവരം കൈമാറിയിരുന്നു.
1993ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് ദാവൂദ് ഇബ്രാഹിം. 250ലധികം ആളുകളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ്’ ദാവൂദ്.