ഒരു വാക്സിന് കൂടി അനുമതി; രാജ്യത്തെ ഒമ്പതാം വാക്സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

0

രാജ്യത്ത് അടിയന്തര ആവശ്യങ്ങൾക്കായി ഒരു വാക്സിന് കൂടി അനുമതി നൽകി. സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്സിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഒമ്പതാം കൊവിഡ് വാക്സിനാണ് ഇത്. കൊവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

റഷ്യൻ നിർമിത സിങ്കിൾ ഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയിൽ പൂർത്തിയാക്കിയതിന് ശേഷമാണ് അനുമതി. 2020 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിനാണ് സ്പുട്‌നിക് 5.

ഹ്യൂമൻ അഡെനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സിംഗിൾ ഡോസ് വാക്‌സിനാണ് സ്പുട്‌നിക് ലൈറ്റ്. കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധമായാണ് സ്പുട്‌നിക് ലൈറ്റ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ആളുകൾക്ക് വളരെ എളുപ്പത്തിൽ നൽകാനാകുമെന്നതും ഗുണകരമാണ്.

സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ നിർമാണ- വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനം വാക്‌സിൻ നിർമിക്കുന്നുണ്ട്. വർഷത്തിനുള്ളിൽ അഞ്ചു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.