ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ
ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും . ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തൃശൂരിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. DCC വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമാണ് ഡോക്ടർ നിജി. കിഴക്കുംപാട്ടുക്കര വാർഡിൽ നിന്നാണ് ഇക്കുറി ഡോക്ടർ നിജി ജസ്റ്റിൻ വിജയിച്ചത്. കെപിസിസി മാനദണ്ഡപ്രകാരമാണ് തീരുമാനമെന്ന് DCC അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു.
മുൻ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡൻറ് തുടങ്ങിയ പദവികളിൽ നിജി ജസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്. നാലുതവണ വീതം വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ ലാലി ജെയിംസ്, സുബി ബാബു, ശ്യാമള മുരളീധരൻ എന്നിവരെ മാറ്റിനിർത്തിയാണ് പ്രമുഖ ഗൈനോക്കോളജിസ്റ്റായ ഡോ. നിജി ജസ്റ്റിനെ മേയറായി പരിഗണിക്കുന്നത്.
നടപടി ക്രമത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിനുശേഷം മാത്രമാണ് മേയർ ഡെപ്യൂട്ടി മേയർ ചർച്ചകൾ ആരംഭിച്ചതെന്നും DCC അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. ഒരുതരത്തിലുമുള്ള തർക്കങ്ങൾ ഇല്ല തർക്കങ്ങൾ ഉണ്ട് എന്നത് മാധ്യമസൃഷ്ടിയാണെന്നും തൃശൂർ മേയർ തിരഞ്ഞെടുപ്പ് വൈകിയെന്ന വിമർശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.