മോഡലുകളുടെ അപകട മരണം: കാറോടിച്ചയാളെ അറസ്റ്റ് ചെയ്തു

0

കൊച്ചി∙ മുൻ മിസ് കേരള അടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാൻ ഇന്ന് ആശുപത്രി വിട്ട ഉടൻ പാലാരവിട്ടം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നവംബർ ഒന്നിനായിരുന്നു മുൻ മിസ് കേരള അൻസി കബീർ, മോഡൽ അ‍ഞ്ജന ഷാജൻ എന്നിവർ പാലാരിവട്ടത്ത് കാർ നിയന്ത്രണം വിട്ട് മറഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കെ.എ.മുഹമ്മദ് ആഷിക് എന്നയാൾ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട മരണപ്പെട്ടു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണ് പറ്റിയത്.

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ, ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ, കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അൻസി കബീറും, അഞ്ജന ഷാജനും.