തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാള്‍ മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. 21നാണ് യുഎഇയില്‍ നിന്ന് വന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി.
യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്.