ന്യൂഡൽഹി: ഡീപ് ഫേക്ക് വിഡിയോയുടെ ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. തന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ എക്സിലൂടെ പങ്കു വച്ചു കൊണ്ടാണ് സച്ചിൻ തന്‍റെ ആശങ്ക അറിയിച്ചിരിക്കുന്നത്. സ്കൈവാഡ് ഏവിയേറ്റർ ക്വസ്റ്റ് എന്ന ഗെയിമിങ് ആപ്പിന്‍റെ പരസ്യമാണ് സച്ചിന്‍റെ ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. 30 സെക്കന്‍റ് ദൈർഘ്യമുള്ള വിജിയോയിൽ തന്‍റെ മകൾ സാറ ഇതിലൂടെ നേട്ടങ്ങളുണ്ടാക്കുന്നുവെന്നും പറയുന്നുണ്ട്. വീഡിയോ വ്യാജമാണെന്നും സാങ്കേതിക വിദ്യയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും സച്ചിൻ എക്സിൽ കുറിച്ചു.
ഇത്തരത്തിൽ പ്രചരിക്കുന്ന വിഡിയോ, ആപ്പ്, പരസ്യങ്ങൾ എന്നിവയെ പരമാവധി റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളെ മുഖ വിലക്കെടുത്ത് പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങൾ ജാഗ്രത കാണിക്കണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള അടിയന്തര നടപടികൾ ഇത്തരത്തിൽ വ്യാജ വിവരങ്ങളും ഡീപ് ഫേക്കുകളും പടരുന്നത് തടയുന്നതിൽ നിർണായകമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളാണ് ഇതുവരെയും ഡീപ് ഫേക്കുകളുടെ ഇരയായി മാറിയിരുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ് എന്നിവരുടെ ഡീപ് ഫേക്ക് വിഡിയോകൾ പ്രചരിച്ചതിനുപിന്നാലെ സിനിമാ മേഖല ഇതിനെതിരേ നിയമം വേണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ ഒരു ടെക്നോളജിയായ ഡീപ് ലേണിങ് വഴി ഫേക്ക് യഥാർഥമെന്ന് തോന്നുന്ന വീഡിയോകളും ചിത്രങ്ങളും നിർമിക്കുന്നതാണ് ഡീഫ് ഫേക് എന്ന പേരിൽ അറിയപ്പെടുന്നത്.