ഒളിംപിക്സിൽ ഇന്ത്യക്ക് നഷ്ടങ്ങളുടെ ദിനമായിരുന്നു ഇന്നലെ. സാനിയ-ബൊപ്പണ്ണ സഖ്യത്തിന് വെങ്കലമെഡൽ നഷ്ടപ്പെട്ടതിനു തൊട്ടടുത്ത മണിക്കൂറുകളിൽ ദീപ കർമാക്കർ ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനത്തു മത്സരം പൂർത്തിയാക്കി. ജിംനാസ്റ്റിക്സിൽ യാതൊരു പാരമ്പര്യവുമില്ലാത്ത ഇന്ത്യയെന്ന 120 കോടി ജനങ്ങളുടെ രാജ്യത്തിനു അഭിമാനവും വിങ്ങലും നൽകാൻ ദീപയുടെ ഈ നേട്ടത്തിനായി.
അറുപത്തിഒൻപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മളാലോചിക്കുക. ക്രിക്കറ്റിനല്ലാത്ത ഏത് കായിക ഇനത്തിനാണ് നമ്മുടെ നാട്ടിൽ അർഹമായ പരിഗണനയോ പ്രോത്സാഹനമോ ലഭിച്ചിട്ടുള്ളത്? എന്തിന്, ദേശീയവിനോദമായ ഹോക്കിക്ക് പോലും എന്ന് ക്രിക്കറ്റിന്റെ താഴെയേ നമ്മൾ സ്ഥാനം കൊടുത്തിട്ടുള്ളൂ. ഹോക്കി മാന്ത്രികനായ ധ്യാൻചാന്ദിനെ പോലും ക്രിക്കറ്റിലെ സച്ചിന്റേയോ ശിശുവായ കോഹ്ലിയുടെയോ പിന്നിലല്ലേ നാം നിർത്തിയിട്ടുള്ളൂ.
ആയിരക്കണക്കിന് ഡോളറുകൾ വാരിയെറിഞ്ഞു കായികതാരങ്ങളെ മത്സരത്തിനയക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുമായി മത്സരിച്ചു നാലാം സ്ഥാനം നേടിയ ദീപ നമ്മുടെ അഭിമാനതാരം തന്നെയാണ്. ക്രിക്കറ്റിന് നൽകുന്നതിന്റെ നൂറിലൊരംശം ശ്രദ്ധ മാറ്റിനങ്ങൾക്കു നൽകിയിരുന്നുവെങ്കിലും ദീപയെ പോലെ ഒരുപാട് താരങ്ങൾ ഉയർന്നു വന്നേനെ. ഒരു സ്വർണ്ണക്കട തുടങ്ങാനുള്ളത്രയും മെഡലുകൾ ഇൻഡ്യയുടെ കയ്യിലിരുന്നേനെ.
ഹോക്കിയൊഴിച്ച് നിർത്തിയാൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് കിട്ടിയ സ്വർണം-വെള്ളി മെഡലുകളിൽ ഏറെയും സന്പന്നവർഗത്തിന്റെ കളിയരങ്ങായ ഷൂട്ടിങ്ങിൽ നിന്നാണെന്നതു കൂട്ടിവായിക്കണം.
എന്തിനേറെ പറയുന്നു, ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് ദീപയുടെ ഫിസിയോയെ റിയോയിലേക്കയക്കാൻ ഇന്ത്യൻ കായിക അതോറിറ്റി തയ്യാറായത്. ക്രിക്കറ്റ് താരങ്ങൾക്കു നൽകുന്ന സമ്മാനങ്ങളുടെ നൂറിലൊരു വിഹിതം വേണ്ടായിരുന്നല്ലോ വിമാനടിക്കറ്റും താമസസൗകര്യവും ഒരുക്കി ഒരു ഫിസിയോയെ അങ്ങോട്ട് പറഞ്ഞുവിടാൻ.
ഫേസ്‌ബുക്കിൽ രഞ്ജിത്ത് മാന്പിള്ളി പറയുന്നത് ഇങ്ങനെയാണ് “ഒരു ശരാശരി അമേരിക്കൻ കുടുമ്പം മക്കളുടെ സ്‌പോർട്‌സിനു വേണ്ടി 4000-8000$ വർഷം ചിലവാക്കുന്നുണ്ട്. അവിടെ നിന്നാണ് ത്രിപുരയിലെ ഒരു സാദാ വീട്ടിൽ നിന്ന് വന്ന ദീപയുടെ നേട്ടം അവസ്മരിണീയം എന്ന് വിശേഷിപ്പിക്കണ്ടത്. സിമോണ് ബൈൽസ്സിനാണ് സ്വർണ്ണം. മുത്തച്ഛൻ എടുത്തു വളർത്തിയ കുട്ടിയാണ്. ജനിപ്പിച്ച അമ്മ ഡ്രഗ് അഡിക്ടായിരുന്നു. സിമോണും പ്രതികൂല സാഹചര്യത്തിൽ നിന്നാണ് വളർന്ന് വന്നത്. പക്ഷെ വളരാനുള്ള സാദ്ധ്യത ഈ നാട്ടിൽ ആവോളമുണ്ടായിരുന്നു. സിമോണ് അത് സമർത്ഥമായി ഉപയോഗിച്ചു. സാഹചര്യം പോലുമില്ലാത്തിടത്തു നിന്നുള്ള ദീപയുടെ നാലാം സ്ഥാനത്തിന് വജ്ര തിളക്കമുണ്ട്.”
ഇന്ത്യയുടെ ആയിരത്തിലൊന്നോ അതിൽ കുറവോ ജനസംഖ്യയുള്ള രാജ്യങ്ങൾ മെഡൽ പട്ടികയിൽ ഇന്ത്യയേക്കാൾ മുന്നിലുണ്ട്. ഒളിംപിക്സ് അവസാനനാളുകളിൽ എത്തിയിട്ടും ഒരു വെങ്കലമെഡൽ പോലും ലഭിക്കാതെ ഇന്ത്യ കിതക്കുകയും ചെയ്യുന്നു. പ്രതീക്ഷ ഉണ്ടായിരുന്ന ഏതാണ്ട് എല്ലാ മത്സരയിനങ്ങളും അവസാനിക്കുകയും ചെയ്തു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മിക്കവാറും സംപൂജ്യരായി മടങ്ങേണ്ടി വരും.
ക്രിക്കറ്റിന് മാത്രം പ്രാധാന്യം നൽകുകയും മറ്റു കായിക ഇനങ്ങളെ തൃണവൽഗണിക്കുകയും ചെയ്യുന്ന രീതി സമൂഹവും അധികൃതരും വെടിഞ്ഞില്ലെങ്കിൽ ഇനി വരുന്ന എല്ലാ ഒളിമ്പിക്സിലും ഇതുതന്നെ ആവും ലോകത്തിലെ ഏഴിൽ ഒന്ന് ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ വിധി.