എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ കലോല്‍സവ നഗറിലും പ്രതിഷേധം. ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോല്‍സവത്തിന് എത്തിയത്. ഇവര്‍ക്കെതിരെ കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ ദീപ നിശാന്ത് പോലീസ് സംരക്ഷണയില്‍ മടങ്ങി.
അതേസമയം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവാദമായ ഉപന്യാസ മത്സരങ്ങളുടെ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തത്വത്തില്‍ തീരുമാനം. കവിതാ മോഷണത്തില്‍ ഉള്‍പ്പെട്ട ദീപ നിശാന്ത് വിധി നിര്‍ണയം നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് നടപടി.
പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ് നീക്കം നടക്കുന്നത്. അതിനിടെ ദീപയുടെ മുല്യനിര്‍ണയത്തിനെതിരെ കെ.എസ്.യു പരാതി നല്‍കി.13 അംഗ ഉന്നതാധികാര സമിതിയാണ് പുനര്‍മൂല്യനിര്‍ണയം നടത്തുക. സമിതി അല്‍പ സമയത്തിനകം യോഗം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദീപ നിശാന്തിനെതിരെ പ്രകടനം നടത്തി. ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഡി.പി.ഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അധ്യാപിക ദീപ നിശാന്ത് ആരോപിച്ചു. ഇന്ന് രാവിലെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താവായാണ് അവര്‍ എത്തിയത്. ജഡ്ജിങ് പാനലില്‍ ഇവര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ആളുകള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പത്തിലധികം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എന്നാല്‍, എഴുത്തുകാരി എന്ന നിലയില്‍ അവരെ പാനലില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നുവെന്നും വിവാദത്തിന് മുമ്പേ ഇക്കാര്യം തീരുമാനിച്ചിരുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇത് അവഗണിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദീപയെ മാറ്റാന്‍ അധികൃതര്‍ തയ്യാറായത്.