ഗവേഷണ വിദ്യാർഥിനി എം.ജി കവാടത്തിൽ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു

0

കോട്ടയം: എംജി സർവകലാശാലയുടെ കവാടത്തിൽ കഴിഞ്ഞ 11 ദിവസമായി ഗവേഷണ വിദ്യാർഥിനി ദീപ പി. മോഹനൻ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു. ജാതീയ അധിക്ഷേപം നടത്തിയ സർവകലാശാല നാനോടെക്നോളജി സെന്റർ ഡയറക്റ്റർ നന്ദകുമാർ കളരിക്കലിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണം, ഡോ. സാബു തോമസിനെ വൈസ് ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റണം, ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർഥിനിയുടെ നിരാഹാര സമരം.

വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉൾപ്പെടെയുള്ള സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ദീപ സമരം പിൻവലിച്ചതായുള്ള തീരുമാനം. വിദ്യാർഥിനി ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചു. ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും യൂണിവേഴ്സിറ്റി ഉറപ്പുനൽകി. ആരോപണവിധേയനായ അധ്യാപകനെ നാനോടെക്നോളജി വിഭാഗത്തിൻ്റെ ഡയറക്റ്റർ സ്ഥാനത്തു നിന്നും മാറ്റി. പകരം മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും ചുമതല നൽകി. 2024 നകം ഗവേഷണം പൂർത്തിയാക്കിയാൽ മതി. ഗവേഷണ കാലയളവിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുനൽകിയതായും ദീപ പറഞ്ഞു.

ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയുടെ ചുമതലയിൽ നിന്നും ഡോ. കെ നന്ദകുമാറിനെ പൂർണമായും നീക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഭാവിയിൽ ദീപ പി. മോഹനന്റെ ഗവേഷണവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള ചുമതലയും നന്ദകുമാറിന് ഉണ്ടായിരിക്കുന്നതല്ല. ആരോപണവിധേയനായ താൽക്കാലിക ജീവനക്കാരൻ എം. ചാൾസ് സെബാസ്റ്റ്യനെ സെന്ററിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഗവേഷണം പൂർത്തിയാക്കുന്നതിന് ഹൈക്കോടതി 2020 മാർച്ച് 23 വരെ നൽകിയിരുന്ന കാലാവധി പ്രസ്തുത തീയതി മുതൽ നാല് വർഷത്തേക്കുകൂടി നീട്ടുന്നതിനും യോഗത്തിൽ തീരുമാനമായി. ഗവേഷണത്തിനാവശ്യമായ ലബോറട്ടറി, ഹോസ്റ്റൽ, ലൈബ്രറി സൗകര്യങ്ങളും സർവകലാശാല ഗവേഷകയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ രണ്ട് വർഷത്തേക്ക് ദീപ പി. മോഹനന് യൂണിവേഴ്‌സിറ്റി റിസർച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ ഗ്രാന്റ് ഇനത്തിൽ ഗവേഷകയ്ക്ക് ലഭിക്കുവാനുള്ള കുടിശിക ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സർവകലാശാല സ്വീകരിക്കും.