ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് തോല്‍വി; പി.സി ചാക്കോ രാജിവെച്ചു

0

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ സ്ഥാനത്ത് നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പി.സി ചാക്കോ മീഡിയവണിനോട് പറഞ്ഞു. രാജിവെച്ച സാഹചര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ധരിപ്പിച്ചുവെന്നും ചാക്കോ വ്യക്തമാക്കി.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി പി.സി.ചാക്കോ പറഞ്ഞു. ‘എഎപി കടന്ന് വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. അത് എ.എ.പിയില്‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു.

തെരഞ്ഞെടുപ്പ്തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനകത്തും അഭിപ്രായ ഭിന്നത രൂക്ഷമായി. ഡല്‍ഹിയില്‍ വാചകമടിയും വീമ്പിളക്കലും പരാജയപ്പെട്ടുവെന്നും ആം ആദ്മി പാര്‍ട്ടി ജയിച്ചുവെന്നുമുള്ള മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരുന്നു.