കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കങ്കണയുടെ അനുമതിയില്ലാതെ അവരുടെ പേര്, ചിത്രം, രൂപസാദൃശ്യം, ശബ്ദം, പ്രസംഗങ്ങൾ, വ്യക്തിത്വം എന്നിവ ഉപയോഗിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും കോടതി വിലക്കേർപ്പെടുത്തി.
വീഡിയോകൾ, റീലുകൾ, പോസ്റ്റുകൾ, അക്കൗണ്ടുകൾ, ചാനലുകൾ എന്നിവയുൾപ്പെടെ കങ്കണയുടെ വ്യക്തിത്വം നിയമവിരുദ്ധമായി ഉപയോഗിക്കുകയോ അനുകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങൾ എന്നിവ 72 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിർദേശം. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലുള്ള വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അവയിലേക്കുള്ള പ്രവേശനം തടയാനും കോടതി മെറ്റയോട് നിർദേശിച്ചു. ജസ്റ്റിസ് വികാസ് മഹാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിച്ചതായി വ്യക്തമാക്കുന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
വ്യക്തിത്വാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ലൈംഗികവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ, വ്യാജവാർത്തകൾ, തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്ന എഐ നിർമിത ഉള്ളടക്കങ്ങൾ എന്നിവയ്ക്കെതിരേ കങ്കണയുടെ അഭിഭാഷകൻ കോടതിയിൽ എതിർപ്പുന്നയിച്ചിരുന്നു. മീമുകൾ ഉൾപ്പെടെയുള്ള ആക്ഷേപഹാസ്യ ഉള്ളടക്കങ്ങളിലും എതിർപ്പുണ്ടെങ്കിലും അവയ്ക്കെതിരേ ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് ആവശ്യപ്പെടുന്നില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
വിവാദ ഉള്ളടക്കങ്ങൾ ഉൾപ്പെട്ടതായി കണ്ടെത്തിയ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം തടയുന്നതിന് ആവശ്യമായ നിർദേശങ്ങൾ ഇന്‍റർനെറ്റ്, ടെലികോം സേവനദാതാക്കൾക്ക് നൽകാൻ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനും കോടതി നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.
കങ്കണയുടെ വ്യക്തിത്വവും അതുമായി ബന്ധപ്പെട്ട സവിശേഷതകളും അവരുടെ പ്രശസ്തിയുടെ അടിസ്ഥാനത്തിൽ നിയമപരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാനുള്ള പ്രത്യേക അവകാശവും അനുമതിയില്ലാത്ത ഉപയോഗത്തിനെതിരേ സംരക്ഷണം തേടാനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു. എഐ ഉപയോഗിച്ച് നിർമിച്ചതോ രൂപമാറ്റം വരുത്തിയതോ ആയ ലൈംഗികവും അശ്ലീലവുമായ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളിൽ നിന്നുള്ള സംരക്ഷണവും ഇതിന്‍റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.
നേരത്തേ സിനിമാ താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ, ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, മാധ്യമപ്രവർത്തകൻ സുധീർ ചൗധരി, പോഡ്‌കാസ്റ്റർ രാജ് ഷമാനി, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ക്രിക്കറ്റ് താരം അഭിഷേക് ശർമ തുടങ്ങിയവരും തങ്ങളുടെ വ്യക്തിത്വ, പബ്ലിസിറ്റി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവർക്കും കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.