യുദ്ധക്കളമായി ഡൽഹി: മരിച്ചവരുടെ എണ്ണം ഏഴായി; 2 പേര്‍ക്കു കൂടി വെടിയേറ്റു; നിരോധനാജ്ഞ

0

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ വ‌ടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന സംഘര്‍ഷങ്ങളില്‍ മരണം ഏഴായി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡൽഹി പൊലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ ആണ്. ഗോകുല്‍പുരി മേഖലയില്‍ വീണ്ടും സംഘര്‍ഷം. കടകള്‍ക്ക് തീയിട്ടു. രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി.

ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നൂറിലേറേ പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തു പേരുടെ നില അതീവ ഗുരുതരമാണ്.

അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവർക്കെതിരെ ഡൽഹിയിൽ ഇന്നും കല്ലേറുണ്ടായി. നോർത്ത്​ ഈസ്​റ്റ്​ ഡൽഹിയിലെ മൗജ്​പൂർ, ബ്രാഹ്മപുരി ഏരിയയിലാണ്​ അക്രമികൾ പ്രതിഷേധക്കാർക്ക്​ നേരെ കല്ലെറിഞ്ഞത്​. സംഘർഷ സാഹചര്യം കണക്കിലെടുത്ത്​ ​മേഖലയിൽ കൂടുതൽ​ പൊലീസ്​ -അർദ്ധ സൈനിക സേന​വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. അമിത് ഷായുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് പറഞ്ഞ കേജ്‌രിവാള്‍. ആവശ്യത്തിന് കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു ലഭിച്ചുവെന്നും അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും പ്രശ്നങ്ങള്‍ ഒരുമിച്ച ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് സ്ഥിതിഗതികള്‍ േനരിടാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം ലഭിച്ചില്ലെന്നും പൊലീസ് എണ്ണത്തില്‍ കുറവാണെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.