ഡല്‍ഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൗരത്വ പ്രക്ഷോഭകനും ജെ.എൻ.യു ഗവേഷക വിദ്യാഥിയുമായ ഷ൪ജീൽ ഇമാമിനെ ഡല്‍ഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്. കലാപത്തിലെ പങ്ക് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഷർജീലിനെ ചൊവ്വാഴ്ച ഡല്ഹിയിൽ എത്തിച്ചിരുന്നു.
കേസിൽ ജൂലൈ 21 ന് ഷർജീലിനെ അസമിൽ നിന്ന് ഡൽഹിയിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുവാഹട്ടിയിലെ ജയിലിൽ തന്നെ താമസിപ്പിച്ചു. രോഗം ഭേദമായ പിന്നാലെയാണ് ചൊവ്വാഴ്ച ഡൽഹിയിൽ എത്തിച്ചത്. ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഷർജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകൾ ഒരിടത്തേക്ക് മാറ്റണം എന്നാവിശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ നിലപാട് അറിയിക്കാൻ ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവിശ്യപ്പെട്ടിരുന്നു.
നേരത്തേ ഏപ്രിലിൽ ഷർജീൽ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ജാമിഅ മില്ലിയ സർവകലാശാലയിൽ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തിൽ ഷർജിൽ ഇമാം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഷര്‍ജീല്‍ ഇമാമിനെ ജനുവരി 28 ന് ബീഹാറില്‍ നിന്നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ പ്രസംഗിച്ചുവെന്നാണ് കേസ്. ജനവരി 16 ന് അലിഗഡ് മുസ്‍ലിം സർവ്വകലാശാലയിലായിരുന്നു ഷർജീൽ പ്രസംഗിച്ചത്. ദില്ലി പോലീസിന് പുറമെ യു.പി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരേ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 31 കാരനായ ഷർജീൽ ബോംബെ ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനാണ് ജെ.എൻ.യുവിൽ എത്തിയത്.