പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്ച വൈകീട്ടോടെ പതിമ്മൂന്നായി. 48 പോലീസുകാരുൾപ്പെടെ 180-ലേറെ പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ 70 പേർക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലെത്തുന്നതിന് മണിക്കൂറുകൾക്കുമാത്രം മുമ്പ്, നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു.
ഡൽഹിയിലെ സ്കൂളുകൾക്കു ബുധനാഴ്ച അവധിയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചു.
സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചു.
മോജ്പുർ, ബാബർപുർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോൾ ബോംബും കല്ലുകളും വർഷിച്ച സംഘർഷത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു.
സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. ജെ.കെ. 24×7 ന്യൂസ് റിപ്പോർട്ടർ അക്ഷയ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. എൻ.ഡി.ടി.വി.യുടെ രണ്ട് റിപ്പോർട്ടർമാരെ അക്രമികൾ ക്രൂരമായി തല്ലിച്ചതച്ചു.
ഡൽഹി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദർശനം റദ്ദാക്കി. സംഘർഷങ്ങൾക്കിടെ നിർത്തി വച്ച മെട്രോ സർവീസുകൾ പുനരാരംഭിച്ചതായി ഡൽഹി മെട്രോ റയിൽ കോർപറേഷൻ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവർത്തിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാൽ അടക്കമുളളവര്‍ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്‌രിവാൾ അറിയിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.