തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ(7)യുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്.
പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
ബലപ്രയോഗത്തിന് ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്താനായില്ല. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. ധന്യയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി.
ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞു വിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മുങ്ങൽ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.