ഗുരുവായൂരപ്പന് കാണിക്കയായി ഈജിപ്തിൽ നിന്നും വൈരക്കിരീടം
26 ലക്ഷം രൂപ വിലവരുന്ന വൈരക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചു.ഈജിപ്തിൽ ഹൈപാക്ക് ഗ്രൂപ്പ് ടെക്‌നിക്കൽ ഡയറക്ടർ ആയിരുന്ന ഗുരുവായൂര്‍ തെക്കേനടയില്‍ ശ്രീനിധി ഇല്ലത്തു ശിവകുമാറും, ഭാര്യ വത്സലയുമാണ് വജ്രകിരീടം സമര്‍പ്പിച്ചത്. 300 ഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ച കിരീടത്തിൽ 3096 വൈരക്കല്ലുകളും നവരത്നകല്ലുകളും പതിച്ചിട്ടുണ്ട്. പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ സി.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്നു കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞു മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി കിരീടം ഗുരുവായൂരപ്പനെ അണിയിച്ചു.