സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു; സംസ്കാരം വൈകിട്ട്; വിട വാങ്ങുന്നത് മലയാളത്തിന്റെ ഹിറ്റ് മേക്കർ

0

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സച്ചിയുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോയി. ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി വരെ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടു പോയി സംസ്കാരം വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ നടക്കും.

ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനത്തിന് വയ്ക്കുക. എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നു സച്ചി. അതിന് ശേഷം മൃതദേഹം തമ്മനത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെയും പൊതു ദര്‍ശനനത്തിന് വയ്ക്കും.

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാപ്രവര്‍ത്തകരെത്തും. അതിനു ശേഷമാണ് തമ്മനത്തെ വീട്ടില്‍ കൊണ്ടു പോകുന്നത്. അവിടെയും പൊതു ദര്‍ശനനത്തിന് വെയ്ക്കും. 13 വര്‍ഷമായി സിനിമാമേഖലയില്‍ സജീവമായിരുന്നു സച്ചി. പൃഥ്വിരാജിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് സച്ചി വിടവാങ്ങിയത്.ഗുരുതരാവസ്ഥയിലായിരുന്ന സച്ചിയെ കാണാന്‍ പൃഥ്വിരാജ്, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ എത്തിയിരുന്നു.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വ്യത്യസ്തമായ രചന ശൈലികൊണ്ടും സംവിധാനമികവുകൊണ്ടും പുതുതലമുറയെ വിസ്മയിപ്പിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചി. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു സച്ചിയുടെയും സേതുവിന്റെയും. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഈ കൂട്ടുകെട്ട്. ചോക്‌ലേറ്റ്, റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്,ഡബിൾസ് എന്നീ സിനിമകളാണ് സച്ചിയും സേതുവും ചേർന്നെഴുതിയത്.ഡബിൾസ് ഒഴികെ എല്ലാം ഹിറ്റുകൾ.

ജോഷി സംവിധാനം ചെയ്ത ‘റൺ ബേബി റൺ’ ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ തിരക്കഥ. അതും സൂപ്പർഹിറ്റായി. ആദ്യം സംവിധാനം ചെയ്ത ചിത്രം അനാർക്കലിയും ഹിറ്റ് ചാർട്ടിൽ ഇടം നേടി.ചേട്ടായീസ്, അനാർക്കലി, രാമലീല, ഷെർലക് ടോംസ് എന്നിവയാണു മറ്റു തിരക്കഥകൾ. 2020-ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടി ഇതിന്റെ തിരക്കഥ ഒരുക്കിയതും സച്ചിയാണ്.