തോല്‍വി സമ്മതിച്ച് ട്രംപ്: അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിന് നിര്‍ദേശം

0

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി.

അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു. നേരത്തെ രാഷ്ട്രിയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയാറായിരുന്നില്ല. മിഷിഗൻ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിന്റെ മനംമാറ്റം. എന്നാൽ, ഇപ്പോഴും പരാജയം സമ്മതിക്കാൻ വിസമ്മതിക്കുന്ന ട്രംപ്, ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.