ബാങ്കില്‍ ലോക്കറുണ്ടോ: എങ്കിൽ ജനുവരി മുതല്‍ പുതിയ വ്യവസ്ഥകള്‍

0

കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്കാണ് ലോക്കര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത്. അതുപ്രകാരം ജനുവരി ഒന്നു മുതല്‍ പുതിയ നിയമങ്ങള്‍ ബാധകമാകും. ഇക്കാര്യം അറിയിച്ചുകൊണ്ട് ചില ബാങ്കുകളെങ്കിലും ഉപഭോക്താവിന് എസ്എംഎസ് അയച്ചുതുടങ്ങിയിട്ടുണ്ട്. പുതുക്കിയ വ്യവസ്ഥ പ്രകാരം ആസ്തികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ബാങ്കുകളില്‍നിന്ന് ലോക്കര്‍ വാടകയ്‌ക്കെടുക്കാം. ഫീസ് ഈടാക്കി ബാങ്കുകള്‍ നല്‍കുന്ന സേവനമാണിത്.

ലോക്കര്‍ അനുവദിക്കുമ്പോള്‍ ഉപഭോക്താവുമായി ബാങ്ക് കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. മുദ്രപത്രത്തില്‍ തയ്യാറാക്കിയ കരാറിന്റെ ശരി പകര്‍പ്പ് ബാങ്കില്‍ സൂക്ഷിക്കും. കോപ്പി ഉപഭോക്താവിന് നല്‍കുകയുംചെയ്യും. ലോക്കര്‍ തുറക്കുമ്പോള്‍ അക്കാര്യം രജിസ്റ്റര്‍ ചെയ്ത ഇ-മെയിലില്‍ അറിയിക്കണം. എസ്എംഎസ് വഴിയും ഉപഭോക്താവിനെ അറിയിക്കണം. അനിധികൃതമായി ലോക്കര്‍ തുറന്നാല്‍ അറിയുന്നതിനു വേണ്ടിയാണിത്. തിയതി, സമയം എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് അറിയിക്കേണ്ടത്.

ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചമൂലം ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ട്. ലോക്കറുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. തീപ്പിടുത്തം, മോഷണം, കെട്ടിടത്തിന്റെ തകര്‍ച്ച എന്നിവയ്ക്ക് ബാങ്കുകള്‍ക്കുതന്നെയാണ് ഉത്തരവാദിത്തം. ജീവനക്കാര്‍ കാരണക്കാരായാലും ഉപഭോക്താവിന് നഷ്ട പരിഹാരം ലഭിക്കും. വാര്‍ഷിക വാടകയുടെ നൂറിരട്ടിക്ക് തുല്യമായ തുകയായിരിക്കും നല്‍കേണ്ടിവരിക.

ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, ഉപഭോക്താവിന്റെ പിഴവ് എന്നീ കാരണങ്ങളാല്‍ നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിന് ബാധ്യത യില്ല. അതേസമയം, ഇത്തരം നഷ്ടങ്ങളില്‍നിന്ന് ലോക്കര്‍ സംവിധാനം സുരക്ഷിതമാക്കാന്‍ ബാങ്ക് മുന്‍കരുതലെടുക്കുകയുംവേണം. ഉപഭോക്താവിന്റെ മരണശേഷം നോമിനിക്ക് ലോക്കറിലെ വസ്തുക്കള്‍ എടുക്കാനുള്ള അവകാശം ലഭിക്കും. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ പരിശോധിച്ചായിരിക്കും ബാങ്ക് അനുമതി നല്‍കുക. ലോക്കര്‍ വാടക ഈടാക്കുന്നതിനായി നിക്ഷേപം സ്വീകരിക്കുന്നത് തുടരും.