എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി ഇനിയില്ല; ഷൂട്ടിങ് തീർന്നപ്പോൾ കുഞ്ചാക്കോ ബോബൻ ശീലാബതിയുടെ അമ്മയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞു; ഡോക്ടര്‍ ബിജു പറയുന്നു

0

കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം ശരീരം ചുരുങ്ങിപ്പോയ എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി മരിച്ചു.ശിലാബതി ഇനി ഇല്ല എങ്കിലും അവരുടെ നേര്‍ത്തശബ്ദവും ചിരിക്കുന്ന മുഖവും പക്ഷേ മരിക്കില്ല. അതു രേഖപ്പെടുത്തപ്പെട്ട ഒരു ഡോക്യുമെന്റ് ആണ് എന്നു ഡോ: ബിജു പറയുന്നു. ഡോ: ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ശീലാബതി മരിച്ചു . ഇന്ന് രാവിലെ നിസാം റാവുത്തർ വിളിച്ചു പറയുമ്പോഴാണ് അറിയുന്നത് . ശീലാബതി ആയിരുന്നു കാസർഗോട്ടെ എൻഡോസൾഫാൻ വിഷയത്തിന്റ്റെ ഇരകളുടെ തീവ്രമായ ചിത്രങ്ങളിൽ ഒന്ന് . ചെറുപ്പത്തിൽ സ്‌കൂളിൽ പോകുമ്പോൾ ആകാശത്തു കൂടി പറന്നു പോകുന്ന വലിയ ചിറകുള്ള പക്ഷിയെ നോക്കിയതാണ് ശീലാബതി . വലിയ ചിറകുള്ള ആ പക്ഷി കശുമാവുകൾക്ക് മേൽ തളിച്ച എൻഡോസൾഫാൻ ശീലാബതിയുടെ മേലും വീണു പല തവണ . പിന്നീട് ശീലാബതി കിടപ്പിലായി . കട്ടിലിൽ നിന്നും എണീക്കാൻ കഴിയാത്ത വിധം ശരീരം ചുരുങ്ങി ചുരുങ്ങി ഒരു കുഞ്ഞിനെ പോലെയുള്ള കിടപ്പ് . ശീലാബതിയുടെ പ്രായമായ ‘അമ്മ മാത്രം വീട്ടിൽ. ശീലാബതിയുടെ ദയനീയമായ ഈ ചിത്രം മധുരാജിന്റ്റെ ഫോട്ടോയിലൂടെ പുറം ലോകത്തെത്തി .. എൻഡോസൾഫാൻ വിഷയത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളിൽ ഒന്ന് . നിലത്തെ ചെറിയ പായയിൽ കിടന്ന ശീലാബതിക്ക് ഒരു കട്ടിൽ വാങ്ങി നൽകിയത് അംബികാസുതൻ മാങ്ങാട് മാഷാണ് . പിന്നീട് ഡി വൈ എഫ് ഐ ശീലാബതിക്ക് മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഒരു ചെറിയ വീട് പണിതു കൊടുത്തു .. ‘അമ്മ പുറത്ത് പോകുമ്പോൾ ശീലാബതിയുടെ കട്ടിലിൽ ഒരു അരിവാൾ വെച്ചിട്ടാണ് പോകുന്നത് . ആ അരിവാൾ എടുക്കുവാൻ ശീലാബതിക്ക് സാധിക്കില്ല . എങ്കിലും താൻ ഇല്ലാത്തപ്പോൾ എന്തെങ്കിലും ഒരു പാമ്പോ മറ്റോ വീട്ടിനുള്ളിലേക്ക് വന്നാൽ ആ അരിവാൾ മകൾക്ക് ഒരു ആത്മബലം നൽകും എന്നതായിരുന്നു ആ അമ്മയുടെ വിശ്വാസം . ഭക്ഷണം കഴിക്കണമെങ്കിൽ ആ വൃദ്ധയായ അമ്മ കിടക്കയിൽ നിന്നും അനങ്ങാൻ പോലും സാധിക്കാത്ത മകളെ ഒറ്റപ്പെട്ട ആ വീട്ടിലെ കിടക്കയിൽ ഉപേക്ഷിച്ചു പുറത്തേക്ക് പണിയെടുക്കാൻ പോയെ പറ്റൂ . ഒരു മനസ്സമാധാനത്തിനായി മകൾക്ക് ഒരു കൂട്ടായി അവർ ആ അരിവാൾ ശീലാബതിയുടെ കിടക്കയിൽ വെക്കും . തല മാത്രം അനക്കാൻ കഴിയുന്ന കിടക്കയിൽ അനാദിയായ വര്ഷങ്ങളോളം കിടക്കുന്ന ശീലാബതി ലോകമെമ്പാടുമുള്ള കീടനാശിനി വിരുദ്ധ പോരാട്ടങ്ങളിലെ ചലിക്കുന്ന ചിത്രമായി മാറി ….

വലിയ ചിറകുള്ള പക്ഷികളുടെ ചിത്രീകരണത്തിനായി ശീലാബതിയുടെ വീട്ടിൽ ചിലവഴിച്ച ഒരു ദിവസം ഒരിക്കലും മറക്കാൻ സാധിക്കില്ല .ചിത്രീകരണം ഇടയ്ക്കിടെ നിർത്തേണ്ടി വന്നു . നടൻ കുഞ്ചാക്കോ ബോബൻ ശീലാബതിയെയും അമ്മയെയും കണ്ട് പൊട്ടിക്കരഞ്ഞു . ചാക്കോച്ചന്റെ കരച്ചിൽ കാരണം ഷൂട്ടിങ് ഇടയ്ക്കിടെ നിർത്തി വെക്കേണ്ടി വന്നു . സിനിമയിലെ ശീലാബതിയുമൊത്തുള്ള രംഗത്തിൽ ചാക്കോച്ചൻ കരയുന്നത് സ്ക്രിപ്റ്റിലില്ലാതെ സ്വാഭാവികമായി ഉണ്ടായ കരച്ചിൽ ആണ് ഞാൻ അവിടെ കട്ട് പറഞ്ഞില്ല ആ രംഗം എഡിറ്റ് ചെയ്തു മാറ്റിയതുമില്ല . വലിയ ചിറകുള്ള പക്ഷികളിൽ ആ ആത്മാർത്ഥമായ കരച്ചിൽ നിങ്ങൾക്ക് കാണാം .

ഷൂട്ടിങ് സമയത്ത് ചാക്കോച്ചൻ ഒരു വിധത്തിൽ ആശ്വസിപ്പിച്ചു വരുമോഴേയ്ക്കും മറ്റ് സാങ്കേതിക പ്രവർത്തകർ ഓരോരുത്തരായി കരഞ്ഞു തുടങ്ങിയിരുന്നു . സിനിമയ്ക്കപ്പുറം നടന്മാരും സാങ്കേതിക പ്രവർത്തകരും മനുഷ്യർ കൂടിയാണല്ലോ … ഷൂട്ടിങ് തീർന്നപ്പോൾ കുഞ്ചാക്കോ ബോബൻ ശീലാബതിയുടെ അമ്മയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നീട് ഞങ്ങൾ ഉടലിനേക്കാളും വലിയ തലയുള്ള ചുറ്റുപാടും നടക്കുന്ന ഒന്നിനെപ്പറ്റിയും അറിയാത്ത അഭിലാഷും , വലിയ തലയുള്ള സന്ദര്ശകരോട് കൊഞ്ചി കൊഞ്ചി സംസാരിക്കുന്ന ബാദ്ഷാ , നിലത്തു കൂടി ഇഴഞ്ഞു നടക്കുന്ന സൗമ്യയും അരുൺ കുമാറും തുടങ്ങി ഒട്ടേറെ ദയനീയ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി . അഭിലാഷ് കുറച്ചു മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി ..ഇപ്പോൾ ശീലാബതിയും ….വലിയ ചിറകുള്ള പക്ഷികൾ സിനിമയാണ് ഇതേപോലെ ദുരിതം അനുഭവിക്കുന്ന ഒട്ടേറെ ജന്മങ്ങൾക്ക് ആശ്രയം എന്ന നിലയിൽ സ്നേഹ വീട് എന്ന ഒരു ആശയം രൂപപ്പെടുന്നത് .

അമ്പലത്തറ കുഞ്ഞികൃഷ്ണൻ ചേട്ടൻ , അമ്പലത്തറ മുനീസ , അംബികാസുതൻ മാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടങ്ങിയ സ്നേഹ വീടിന്റെ ആദ്യ മൂലധനം വലിയ ചിറകുള്ള പക്ഷികളുടെ നിർമാതാവ് ഡോക്ടർ . എ .കെ . പിള്ള നൽകിയ ഒരു ലക്ഷം രൂപ ആയിരുന്നു . പിന്നീട് കുഞ്ചാക്കോ ബോബൻ , സുരേഷ് ഗോപി എന്നിവരുടെ സഹായങ്ങൾ ഉണ്ടായി .ഒട്ടേറെ സുമനസ്സുകളുടെ സഹായം ലഭിച്ചു . ഇപ്പോൾ സ്നേഹവീടിന് സ്വന്തമായി സ്ഥലവും വീടും ആയി . വലിയ ചിറകുള്ള പക്ഷികൾ സിനിമ കണ്ടതിനു ശേഷം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റ്റെ അനുകൂലമായ ഇടപെടലുകൾ ഉണ്ടായി .. ഇപ്പോൾ വലിയ ചിറകുള്ള പക്ഷികൾ ജേർണലിസം വിദ്യാർത്ഥികൾക്കും എം എ ഇംഗ്ളീഷ് വിദ്യാർത്ഥികൾക്കും പഠനത്തിനായി ഉണ്ട് . കൂടുതൽ കുട്ടികൾ ഈ വിഷയം അറിയുന്നു പഠിക്കുന്നു .. (സിനിമയ്ക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയും വേണ്ട കലാകാരന്റെ ആത്മാവിഷ്‌കാരണം മാത്രമാണ് സിനിമ എന്ന് ബുദ്ധിജീവി നാട്യം നടത്തുന്ന ചില പുതു കാല സിനിമാ സംവിധായകർക്ക് സിനിമ കൊണ്ട് സമൂഹത്തിൽ ചില ചെറിയ മാറ്റങ്ങൾ എങ്കിലും സാധ്യമാകും എന്നതിന്റ്റെ ഉദാഹരണമായി ഇതൊക്കെ ചൂണ്ടിക്കാട്ടാവുന്നതാണ് )…

ഏതായാലും ഇനി ശീലാബതി ഇല്ല .. പക്ഷെ ശീലാബതി തന്റെ നേർത്ത സ്വരത്തിൽ തുളു കലർന്ന മലയാളത്തിൽ തന്റെ അനുഭവങ്ങൾ പറഞ്ഞത് വലിയ ചിറകുള്ള പക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട് .. ആ നേർത്ത സ്വരം സിനിമയുള്ള കാലത്തോളം ശക്തമായി സംസാരിച്ചുകൊണ്ടിരിക്കും ..ഒരു ഭരണ കൂടം എങ്ങനെയാണ് സ്വന്തം ജനതയെ വിഷത്തിൽ മുക്കിക്കൊന്നത് എന്ന് …എങ്ങനെയാണ് അവരുടെ ന്യായമായ അവകാശങ്ങളോടും നഷ്ട പരിഹാരത്തോടും പതിറ്റാണ്ടുകളായിട്ടും പുറം തിരിഞ്ഞു നിർത്തിയിരിക്കുന്നത് എന്ന് ….ഇപ്പോഴും പാതി മരിച്ച കുഞ്ഞുങ്ങളുമായി നീതി തേടി കാസർഗോട്ട് നിന്നും തിരുവനന്തപുരം വരെ അവർക്കെന്തുകൊണ്ട് വരേണ്ടി വരുന്നു എന്നത് .. ഭരണകൂടത്തിന്റെ സെക്രട്ടേറിയറ്റുകൾക്ക് മുൻപിൽ തങ്ങളുടെ കുഞ്ഞുങ്ങളെ പ്രദർശന വസ്തുക്കളാക്കി പൊരി വെയിലിൽ ഇങ്ങനെ വീണ്ടും വീണ്ടും സമരം ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണ് എന്നത് ….

സിനിമയിൽ സൗമ്യയുടേയും അരുൺ കുമാറിന്റെയും അമ്മ ചോദിക്കുന്നുണ്ട് ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റ്റെ കുട്ടികളെ എന്ത് ചെയ്യും …? ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവർ തന്നെ അതിനു മറുപടിയും പറയുന്നുണ്ട് ..അവരെയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകും അല്ലാതെ ഞാൻ എന്ത് ചെയ്യാൻ …..അത് പറഞ്ഞു കഴിഞ്ഞു ആ ‘അമ്മ ക്യാമറയിലേക്ക് നോക്കുന്ന ഒരു നോട്ടമുണ്ട് ..ക്യാമറ ലുക്ക് എന്ന് പറഞ്ഞു കട്ട് ചെയ്യാതെ ഞാൻ ആ നോട്ടം ഹോൾഡ് ചെയ്ത് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് .. ആ നോട്ടത്തിലെ തീക്ഷ്ണത ഏത് ഭരണകൂടത്തെയും പൊള്ളിക്കും , ശാസ്ത്രവാദികളുടെ ഏത് മുട്ടാപ്പോക്കിനെയും ശാസ്ത്ര വാദത്തെയും തീയിലെറിയും … നിസ്സഹായരായ നിരാലംബരായ കുറെ ഏറെ ആളുകളുടെ നോട്ടങ്ങളും ചിരിയും കരച്ചിലുമാണ് കാസർഗോട്ടെ എൻഡോസൾഫാൻ വിഷയം ..

അതിലെ ഏറ്റവും ചലനാത്മകമായ ഒരു ദൃശ്യം ആയിരുന്നു കട്ടിലിൽ ശരീരം അനക്കാൻ സാധിക്കാതെ കിടന്ന ശീലാബതി..ഇനി ശീലാബതി ഇല്ല അവരുടെ നേർത്ത ശബ്ദവും ചിരിക്കുന്ന മുഖവും പക്ഷെ മരിക്കുന്നില്ല ..അത് രേഖപ്പെടുത്തപ്പെട്ട ഒരു ഡോക്യമെന്റ്റ് ആണ് .. അത് കേരളത്തിലെ നിസ്സഹായമായ ഒരു ജനതയുടെ വലിയൊരു സമര ചരിത്രത്തിന്റെ മുഖമാണ് ..അതവിടെ ഉണ്ടാകും …എന്നും മായാതെ …..