ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയതിനെതിരെ ഇന്ന് രാജ്യവ്യാപകമായി അലോപ്പതി ഡോക്ടര്‍മാരുടെ പണിമുടക്ക്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിനല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഇന്ന് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരണസമരം നടതുന്നത്.
ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒ.പി ബഹിഷ്കരണം. 11 മണിക്ക് രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെയും കോവിഡ് ചികിത്സയെയും ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ പ്രാക്ടിസും ഉണ്ടാകില്ല. ആയുർവേദ ഡോക്ടർമാർക്ക്, ശസ്ത്രക്രിയക്ക് അനുമതി നൽകുന്നത് പൊതുജനാരോഗ്യത്തിന് എതിരാണെന്നാണ് ഐഎംഎയുടെ നിലപാട്. സമരം കിടത്തി ചികിത്സയെ ബാധിക്കില്ല . കോവിഡ് ആശുപത്രികളും പ്രവര്‍ത്തിക്കും. അടിയന്തരശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു. കെയര്‍ എന്നിവയില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകും.
അതേസമയം സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ചു. അതിന്‍റെ ഭാഗമായി ഇന്ന് പരിശോധന സമയം വര്‍ധിപ്പിക്കും.