10 മിനിറ്റിൽ നേടിയത് കോടികൾ, ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് ലഭിച്ചത് 2.11കോടി

0

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ് ക്യാപ്പ് ലേലത്തിൽ പോയത് 250000 ഡോളറിന്. ഏകദേശം രണ്ട് കോടി 11 ലക്ഷം ഇന്ത്യൻ രൂപ. 1947-48 കാലഘട്ടത്തിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ധരിച്ചിരുന്ന തൊപ്പിയാണിത്. ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന ഒരേയൊരു “ബാഗി ഗ്രീൻ” എന്ന് വിശ്വസിക്കപ്പെടുന്ന തൊപ്പിക്ക് വലിയ ചരിത്ര മൂല്യമുണ്ട്.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു ഓസ്‌ട്രേലിയയിലേത് (1947-48). ഈ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും ബ്രാഡ്മാനായി. പരമ്പരയിലെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും ഉൾപ്പെടെ 715 റൺസാണ് അദ്ദേഹം നേടിയത്.

80 കൊല്ലത്തിലേറെ പഴക്കമുള്ള ഈ ‘ബാഗി ഗ്രീൻ’ തൊപ്പി ബോൺഹാംസ് ഓക്ഷൻ ഹൗസാണ് ലേലത്തിൽ വച്ചത്. ഇന്ത്യൻ ടൂർ മാനേജരായ പങ്കജ് പീറ്റർ കുമാർ ഗുപ്തയ്‌ക്ക് ബ്രാഡ്മാൻ സമ്മാനമായി നൽകിയ തൊപ്പിയാണ് കഴിഞ്ഞ ദിവസം ലേലത്തിൽ കോടികൾ സ്വന്തമാക്കിയത്. വെറും പത്ത് മിനിറ്റ് മാത്രമാണ് ലേലം നീണ്ടു നിന്നത്.

1948 ൽ നടന്ന ആഷസ് പരമ്പരയ്‌ക്ക് ശേഷമാണ് താരം വിരമിച്ചത്.52 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 അർദ്ധസെഞ്ച്വറികളും 29 സെഞ്ച്വറികളും ഉൾപ്പെടെ 6996 റൺസ് നേടിയ ബ്രാഡ്മാൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്നു. ‘ഡോൺ’ എന്ന വിളിപ്പേരുമായി ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ബ്രാഡ്മാൻ 2001 ൽ വിടപറഞ്ഞു.