ഡോണൾഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി

0

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ് മുക്തനായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഒക്ടോബർ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസിൽ തിരികെയെത്തി.

തുടർച്ചയായ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവാണെന്ന് തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് ഡോക്ടർ അറിയിച്ചത്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച്‌ പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായെന്ന് ഡോക്ടർമാർ പ്രഖ്യാപിക്കുന്നത്.

റാപിഡ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് ട്രംപ് കോവിഡ് മുക്തനായതായി കണ്ടെത്തിയതെന്ന് വൈറ്റ് ഹൗസിലെ അദ്ദേഹത്തിന്റെ ഡോക്ടർ സീൻ കോൺലെ പ്രസ്താവനയിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് റാലിക്കായി ട്രംപ് ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ച വേളയിലാണ് അദ്ദേഹം കോവിഡ് മുക്തനായെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവന പുറത്തുവന്നത്.

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്. നേരത്തെ ക്ലീവ്‌ലാൻഡിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനായി എയർഫോഴ്‌സ് വൺ വിമാനത്തിൽ ഡോണൾഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്‌സും സഞ്ചരിച്ചിരുന്നു.