വാഷിങ്ടൺ: തന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ട്വിറ്ററിനോട് നിർദേശിക്കണമെന്ന ആവശ്യവുമായി മുൻ അമെരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഎസ് കാപ്പിറ്റോൾ ഹില്ലിൽ ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമങ്ങൾക്കു പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് ഉൾപ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചത്. കാപ്പിറ്റോൾ അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിയമവിരുദ്ധമായി നിശബ്ദമാക്കുന്നുവെന്നും ആരോപിച്ച് ജൂലൈയിൽ ട്വിറ്റർ, ഫെയ്സ്ബുക്ക്, ഗൂഗിൾ എന്നിവയ്ക്കെതിരെയും അവരുടെ ചീഫ് എക്സിക്യൂട്ടീവുകൾക്കെതിരെയും ട്രംപ് കേസ് കൊടുത്തിരുന്നു. യുഎസ് ഭീകരസംഘടനയായി കരുതുന്ന താലിബാന് പോലും ട്വിറ്റർ അക്കൗണ്ട് ഇപ്പോഴും അനുവദിച്ചിട്ടുണ്ട്.
ട്രംപിന് അക്കൗണ്ട് നിഷേധിക്കുകയും താലിബാന് അനുവദിക്കുകയും ചെയ്യുന്നതിൽ പരിഹാസ്യമായി പൊരുത്തക്കേടുണ്ടെന്നും ട്രംപ് ഹർജിയിൽ പറയുന്നു. അതേസമയം, ട്രംപിന്റെ പുതിയ നീക്കത്തോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല.