
അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തും. സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദും ആഗ്രയും ദില്ലിയും ഒരുങ്ങി കഴിഞ്ഞു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച 11.40 നാകും സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രംപ് വിമാനമിറങ്ങുക. ദില്ലിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക.
ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരുമായി മറ്റൊരു വിമാനം നേരത്തെയെത്തും. സുരക്ഷാ- യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിക്കഴിഞ്ഞു. ട്രംപിന് യാത്ര ചെയ്യാനുള്ള ‘ബീസ്റ്റ്’ എന്ന അത്യാധുനിക ലിമോസിന്‍ കാര്‍ എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള ‘മറീന്‍-വണ്‍’ ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള ‘മറീന്‍-വണ്‍’ ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്.
ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്റ്റേഡിയത്തിലെത്തും. ട്രംപിന്‍റെയും മോദിയുടെയും അരമണിക്കൂർ പ്രസംഗമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന സന്ദര്‍ശനത്തിലേക്ക് നയതന്ത്രലോകം ഉറ്റു നോക്കുകയാണ്.
വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വരവേല്‍ക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില്‍ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും.