ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്തത് ഇരുപതുകാരനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തോമസ് മാത്യു ക്രൂക്സെന്ന ഇരുപതുകാരൻ റിപ്പബ്ലിക്കൻ പാർട്ടി അംഗം തന്നെയാണെന്നതാണ് ഏറ്റവും പുതിയ വിവരം. റിപ്പബ്ലിക്കൻ പാർട്ടിയുടെ രജിസ്റ്റേഡ് അംഗമാണ് തോമസ് മാത്യു ക്രൂക്സെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും എഫ് ബി ഐ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിലെത്തി എഫ് ബി ഐ സംഘം കുടുംബാങ്ങങ്ങളെ ചോദ്യം ചെയ്യുകയാണ്.
അതേസമയം പെൻസിൽവേനിയയിലെ ബട്ലറിൽ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് തോമസ് മാത്യു ക്രൂക്സ്, ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ട്രംപിന് നേരെ വെടിയുതിർത്ത ക്രൂക്സിനെ, സീക്രട്ട് സർവീസ് സേന തത്കഷണം വെടിവെച്ചു കൊന്നിരുന്നു. ഇരുപതുകാരനായ അക്രമി ഉതിർത്ത വെടിയുണ്ട ട്രംപിന്റെ വലതു ചെവിയിൽ മുറിവേൽപ്പിച്ചു. AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് തോമസ് മാത്യു ക്രൂക്സ് ട്രംപിന് നേരെ നിറയൊഴിച്ചത്. 200 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് ട്രംപിന് നേരെ ഉന്നം പിടിച്ചത്. വെടിയുണ്ടകളിൽ ഒന്ന് ട്രംപിന്റെ വലതു ചെവിയുടെ മുകളിൽ തട്ടി ചോരചിതറി. തലനാരിഴ വ്യത്യസത്തിലാണ് ട്രംപ് രക്ഷപ്പെട്ടത്.
അക്രമി നിറയൊഴിക്കുന്നതും സീക്രട്ട് സർവീസ് സേന തിരികെ വെടിവെക്കുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ട്രംപിന്റെ തല ലഷ്യമാക്കിയെത്തിയ ബുള്ളറ്റ് ന്യൂയോർക്ക് ടൈംസ് ഫോട്ടോഗ്രാഫർ ഡഗ് മിൽസിന്റെ ക്യാമറയിലും പതിഞ്ഞു. മുറിവേറ്റ ട്രംപിനെ യു എസ് സീക്രട്ട് സർവീസ് സേന അതിവേഗം ആശുപത്രിയിലേക്ക് മാറ്റി. ട്രംപിന്റെ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ഡോക്ടർമാർ വിശദീകരിച്ചത്. അക്രമിയുടെ വെടിയേറ്റ് സദസിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ട്രംപ് ന്യൂ ജേഴ്‌സിയിലേ വീട്ടിലേക്ക് മടങ്ങി. ഇനി പതിന്മടങ്ങ് സുരക്ഷയിലാകും തെരഞ്ഞെടുപ്പ് പ്രചാരണം.