കോഴിക്കോട് ∙ പിവിഎസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും പ്രശസ്ത യൂറോളജി സർജനുമായ തളി ‘കല്പക’യിൽ ഡോ. ടി.കെ.ജയരാജ് (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടറുമാണ്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. രവീന്ദ്രൻ സഹോദരനാണ്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടിയ ഡോ. ജയരാജ് 1965 മുതൽ 1974 വരെ വിവിധ സർക്കാർ ആശുപത്രികളിൽ അസി. സർജനായിരുന്നു. എംഎസ്, എഫ്ഐസിഎസ്, എഫ്ഐഎംഎസ്എ ബിരുദങ്ങളും നേടി. 1976ൽ ആരംഭിച്ച പിവിഎസ് ആശുപത്രിയെ മൾട്ടി സൂപ്പർ സ്‌പെഷ്യൽറ്റി ആയി വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു.
അധ്യാപകനായിരുന്ന തൃശൂർ വലപ്പാട് എടമുട്ടം തണ്ടയംപറമ്പിൽ കുഞ്ഞുകൃഷ്ണന്റെയും കാർത്യായനിയുടെയും മകനാണ്. കെടിസി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പി.വി.സാമിയുടെ മകൾ കുമാരി ജയരാജാണ് ഭാര്യ. മക്കൾ: ഡോ. ജെയ്‌സി ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലർ കെയർ, ഫ്ലോറിഡ, യുഎസ്), ഡോ. ദീപ സുനിൽ (പിവിഎസ്), ഡോ. ജയ്‌കിഷ് ജയരാജ് (ഡയറക്ടർ, പിവിഎസ് ഹോസ്പിറ്റൽ), ഡോ. ദീഷ്മ രാജേഷ് (പിവിഎസ്). മരുമക്കൾ: ഡോ. പ്രദീപ് ബൈജു (യുഎസ്), ഡോ. സുനിൽ രാഹുലൻ (ദുബായ്), ഡോ. ആര്യ ജയ്കിഷ് (പിവിഎസ്), ഡോ. രാജേഷ് സുഭാഷ് (പിവിഎസ്). മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ പി.വി.ഗംഗാധരൻ എന്നിവർ ഭാര്യാസഹോദരന്മാരാണ്. സംസ്കാരം ഇന്നു 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.