ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചുകടന്ന് സൈനികരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചൈനാ ബഹിഷ്‌കരണവുമായി ഡല്‍ഹിയിലെ ഹോട്ടല്‍ ഉടമകള്‍. പ്രതിഷേധസൂചകമായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ചൈനക്കാര്‍ക്ക് താമസമൊരുക്കേണ്ടതില്ലെന്നും ഡല്‍ഹി ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി ചൈനീസ് പൗരന്മാരെ താമസിപ്പിക്കില്ലെന്ന് ഡൽഹി ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് ഓണേഴ്സ് അസോസിയേഷൻ (ഡിഎച്ച്ആർഒഎ) വ്യക്തമാക്കി. കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) ‘ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക’ എന്ന പ്രചാരണത്തിന് അസോസിയേഷൻ പർണ പിന്തുണ നൽകുന്നുവെന്നും വ്യക്തമാക്കി. ഡൽഹിയിൽ മൂവായിരത്തോളം ബജറ്റ് ഹോട്ടലുകളും വിവിധ ഗസ്റ്റ് ഹൗസുകളിലായി 75,000ൽ പരം മുറികളുമുണ്ട്.
ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കില്ലെന്നും ഡിഎച്ച്ആർഒഎ തീരുമാനിച്ചു. 2021 ഡിസംബറോടെ ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സിഎഐടി തീരുമാനിച്ചു.
ഈ രാജ്യത്തെ ഓരോരുത്തരും സ്വന്തം രീതിയില്‍ ചൈനീസ് അതിക്രമത്തിനെതിരേ പ്രതിഷേധിക്കുന്നു. ചൈനക്കാരെ ഞങ്ങളുടെ ഹോട്ടലുകളില്‍ താമസിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഇതു ഞങ്ങളുടെ പ്രതിഷേധമാണ് -അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹേന്ദ്ര ഗുപ്ത മാധ്യമങ്ങളോടു പറഞ്ഞു.രാജ്യമാണ് മറ്റെന്തിനേക്കാള്‍ വലുതെന്നും ഗുപ്ത അഭിപ്രായപ്പെട്ടു. തങ്ങളുടെ ചൈനാവിരുദ്ധ പ്രചാരണത്തില്‍ വ്യാപകമായ ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് സി.എ.ഐ..ടി. സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പറഞ്ഞു.