ആത്മാഭിമാനം എന്നത് ഒരളവ് വരെ വേണ്ടതും ഒരളവിനപ്പുറം വേണ്ടാത്തതുമായ ഒന്നാണ്. നെഞ്ചിൽ കൊണ്ട് നടക്കേണ്ട ആത്മാഭിമാനം തലയിലേക്ക് എത്തിയാൽ ഏതൊരാളുടെയും മനോനില താറുമാറാകും. ‘ഡ്രൈവിംഗ് ലൈസൻസ്’ കൈകാര്യം ചെയ്യുന്ന വിഷയവും അത് തന്നെ.
മനുഷ്യർക്കിടയിൽ എപ്പോൾ വേണമെങ്കിലും ഏത് കാര്യത്തിൽ വേണമെങ്കിലും ഉണ്ടായേക്കാവുന്ന ഈഗോ ക്ലാഷുകളെ ഒരു സൂപ്പർ താരത്തിന്റെയും ആരാധകന്റെയുമിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കുന്നതിലാണ് ഡ്രൈവിംഗ് ലൈസൻസിന്റെ പുതുമയും ത്രില്ലും.
ഒരേ സമയം സൂപ്പർ താരത്തിന്റെയും ആരാധകന്റെയും പക്ഷം പിടിച്ചു സംസാരിക്കുന്നുണ്ട് സിനിമ. നിർമ്മാതാവിന്റെയും താരത്തിന്റെയും ആരാധകന്റെയുമടക്കമുള്ളവരുടെ മാനസിക സംഘർഷങ്ങൾ കാണിച്ചു തരുന്ന സിനിമയിൽ ഒരിടത്തും ഒരാളെയും പ്രതിക്കൂട്ടിൽ നിർത്താൻ തയ്യാറാകുന്നില്ല തിരക്കഥാകൃത്ത്.
സുരാജിന്റെ കുരുവിളക്കും പൃഥ്വിരാജിന്റെ ഹരീന്ദ്രനും തുല്യമായി വീതം വച്ച് കൊടുക്കുന്ന തരത്തിലാണ് ഓരോ സീനുകളും സച്ചി എഴുതി ചേർത്തിരിക്കുന്നത്. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോ പോരാട്ടത്തിൽ പലയിടത്തും പൃഥ്വി രാജിന്റെ ഹരീന്ദ്രൻ സ്ക്രീൻ പ്രസൻസ് കൊണ്ട് സ്കോർ ചെയ്യുമ്പോൾ മികച്ച പ്രകടനം കൊണ്ടാണ് സുരാജ് പല സീനുകളിലും പൃഥ്വിരാജിനെ ഓവർടേക്ക് ചെയ്യുന്നത്.
സൂപ്പർ സ്റ്റാറുകളുടെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെയും പൊതു ജനത്തിന്റെയും ഇടിച്ചു കയറ്റവും സിനിമക്കുള്ളിലെ അന്ധവിശ്വാസങ്ങളും കുതികാൽ വെട്ടുമടക്കം പലതും ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കപ്പെടുന്നുണ്ട്. സുരേഷ് കൃഷ്ണയുടെ ഭദ്രൻ എന്ന താര കഥാപാത്രത്തെ സിനിമക്കുള്ളിലെ മത്സരബുദ്ധിയും പാരവെപ്പും ട്രോൾ ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന് പറയാം.
സിനിമക്കുള്ളിലെ ഇത്തരം പ്രശ്നങ്ങളോടുള്ള AMMA സംഘടനയുടെ നിലപാടും മനോഭാവവുമൊക്കെ ഇന്നസെന്റിനെയും വിജയരാഘവനെയും ഇടവേള ബാബുവിനെയും കൊണ്ട് തന്നെ വ്യക്തമാക്കി തരുമ്പോൾ ‘ഞങ്ങളെ ട്രോളാൻ പുറമെ നിന്നൊരു തെണ്ടിയുടേയും സഹായം ഞങ്ങക്ക് വേണ്ട’ എന്ന മട്ടിലായി മാറുന്നുണ്ട് AMMA . അറിഞ്ഞോ അറിയാതെയോ പൃഥ്വിരാജ് പോലും ആ സെൽഫ് ട്രോളിൽ സ്വയം തേഞ്ഞൊട്ടുന്നുമുണ്ട്. 😀
ആരാധന ഒരു പരിധി വിട്ടാൽ ഭ്രാന്താണെന്ന ഓർമ്മപ്പെടുത്തലുകൾ നൽകുന്ന സിനിമ തന്നെ സ്വന്തം ആരാധകരുടെ പേക്കൂത്തുകൾക്കെതിരെ ശബ്ദമുയർത്തുന്നതിൽ നിന്ന് ഹരീന്ദ്രനെ വിലക്കുകയും പകരം ആരാധകർ തന്നെയാണ് താരങ്ങളുടെ ശക്തി എന്ന നിലക്ക് പറഞ്ഞവസാനിപ്പിക്കുന്നിടത്തും ഒരു വൈരുദ്ധ്യമുണ്ട്.
താരങ്ങളോട് ആരാധന ആകാം – പക്ഷേ അതെങ്ങനെ ആകാം അല്ലെങ്കിൽ അതിന്റെയൊക്കെ പരിധി ഏത് വരെ എന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകലോ ഉപദേശമോ സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെടുന്നതല്ല. അതെല്ലാം ആരാധകർക്ക് സ്വയം വിലയിരുത്തി തീരുമാനിക്കാം എന്നതാണ് ‘ഡ്രൈവിങ് ലൈസൻസ്’ ആ വിഷയത്തിൽ സ്വീകരിക്കുന്ന അഴകുഴ നിലപാട്. 😇
പൃഥ്വിരാജിന്റെ സ്റ്റൈലൻ സ്ക്രീൻ പ്രസൻസും സുരാജിന്റെ പ്രകടനവും തന്നെയാണ് ഡ്രൈവിങ് ലൈസൻസിന്റെ പ്രധാന ആസ്വാദനം. 💚
മനീഷ് ശർമ്മയുടെ ‘Fan’ സിനിമയുമായി സാമ്യതയില്ലാത്ത വിധം ഒരു സൂപ്പർ താരത്തിന്റെയും ആരാധകന്റെയും ഈഗോ പോരാട്ട കഥയെ ത്രില്ലടിപ്പിച്ചു കൊണ്ട് തന്നെ അവതരിപ്പിക്കാൻ ജീൻ പോളിന് സാധിച്ചിട്ടുണ്ട്.👏👏