ഒന്നാം തിയതിയിലെ ഡ്രൈ ഡേ മാറ്റമില്ലാതെ തുടരും

0

സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ ആചരണം മാറ്റമില്ലാതെ തുടരാന്‍ തീരുമാനം. ടൂറിസം മേഖലയിലെ മുന്നേറ്റം ഉള്‍പ്പെടെ കണക്കിലെടുത്ത് മുന്‍പ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മദ്യനയം സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്.

ഡ്രൈ ഡേ ഒഴിവാക്കിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നും അത് തങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സിപിഐഎം അംഗീകരിച്ചില്ല.

കേരളത്തില്‍ മൈക് ടൂറിസം പ്രോത്സാഹിപ്പിക്കാനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കുമായി വലിയ ഒരു കൂട്ടം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരം മീറ്റിംഗുകള്‍ക്ക് ഡ്രൈ ബാധകമായിരിക്കില്ല. ഇതിനായി 15 ദിവസം മുന്‍പ് പ്രത്യേക അനുമതി വാങ്ങേണ്ടി വരും.