യു.എ.ഇ. സന്ദർശക വിസയ്‌ക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി

0

ദുബായ്: സന്ദര്‍ശക വിസയ്ക്ക് ദുബായ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ യു.എ.ഇ. സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചു.

യു.എ.ഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ മേല്‍വിലാസം, എമിറേറ്റ്സ് ഐ.ഡിയുടെ പകര്‍പ്പ് എന്നിവയും ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണം. ഇ തുസംബന്ധിച്ച് എല്ലാ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. മടങ്ങിപ്പോകുന്നതിനുള്ള വിമാനടിക്കറ്റ് എടുത്തിരിക്കണം എന്ന നിബന്ധന നേരത്തെ നിലവിലുണ്ട്.

ആളുകള്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നത് ഒഴിവാക്കുന്നതിനാണ് സന്ദര്‍ശക വിസക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഇതുവരെ യു.എ.ഇ. സന്ദര്‍ശക വിസ ലഭിക്കാന്‍ അപേക്ഷകന്റെ പാസ്പോര്‍ട്ടും ഫോട്ടോയും മാത്രം മതിയായിരുന്നു.

ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് നിലവില്‍ എവിടെ താമസിക്കുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. കോണ്‍ഫറന്‍സ് മുതലായ കാര്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് ഇന്‍വിറ്റേഷന്‍ ലെറ്റര്‍ നല്‍കേണ്ടിവരും. രണ്ടോ മൂന്നോ ദിവസത്തെ ബിസിനസ് കോണ്‍ഫറന്‍സ്, മീറ്റിങ് അല്ലെങ്കില്‍ എക്സിബിഷനുവേണ്ടി വരുന്നവര്‍ക്ക് ഇന്‍വിറ്റേഷന്‍ ലെറ്റര്‍ നല്‍കേണ്ടിവരും. രണ്ടോ മൂന്നോ ദിവസത്തെ ബിസിനസ് കോണ്‍ഫറന്‍സ്, മീറ്റിങ് അല്ലെങ്കില്‍ എക്സിബിഷനുവേണ്ടി വരുന്നവരും അത് സംബന്ധിച്ച ഇന്‍വിറ്റേഷന്‍ ലെറ്റര്‍ കാണിക്കണം.

സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം എന്ന് നേരത്തെതന്നെ നിര്‍ദേശമുണ്ട്. അതേസമയം ഫീസില്‍ എന്തെങ്കിലും മാറ്റങ്ങളുള്ളതായി വ്യക്തമല്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടികള്‍ക്ക് സമാനമാണ് പുതിയ നിബന്ധനകൾ . പുതിയ മാറ്റങ്ങള്‍ സെപ്റ്റംബര്‍ 14 മുതല്‍ നിലവില്‍ വന്നു.