അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമായി ദുബായ്

0

തിരുവനന്തപുരം: സുസ്ഥിരമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം, ബിസിനസ് ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യക്കാര്‍ക്കായി ദുബായ് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അവതരിപ്പിക്കുന്നു. അപേക്ഷ സ്വീകരിച്ച് രണ്ട് മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുന്ന വിസ, 90 ദിവസത്തേക്ക് രാജ്യത്ത് തുടരാന്‍ അനുവദിക്കുന്നു.

സമാനമായ കാലയളവിലേക്ക് ഒരിക്കല്‍ നീട്ടാം. എന്നാല്‍ മൊത്തം താമസം 180 ദിവസത്തില്‍ കൂടരുത്. ഒരു വര്‍ഷത്തിനുള്ളില്‍. ഈ സുപ്രധാന സംരംഭത്തിലൂടെ, വിനോദസഞ്ചാരികള്‍ക്ക് ഒന്നിലധികം എന്‍ട്രികളും എക്‌സിറ്റുകളും പ്രയോജനപ്പെടുത്താന്‍ കഴിയും.

കൂടുതല്‍ ബിസിനസുകാരെയും വിനോദ സഞ്ചാരികളെയും ദുബായിലേക്ക് കൊണ്ടുവരുവാന്‍ ആണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളും ബിസിനസുകാരുമാണ് ദുബായ് സന്ദര്‍ശിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

അവരുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയില്‍ നിന്ന് 2.46 ദശലക്ഷം സന്ദര്‍ശകരെ ദുബായ് സ്വാഗതം ചെയ്തു. ഇത് 2022 ലെ 1.84 ദശലക്ഷം വിനോദ സഞ്ചാരികളില്‍ നിന്ന് ഗണ്യമായ വര്‍ദ്ധനവ് അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഈ ശക്തമായ ഒഴുക്ക് 2023 ലെ ദുബായിയുടെ റെക്കോര്‍ഡ് ബ്രേക്കിങ് ടൂറിസം പ്രകടനത്തിന് ഗണ്യമായ സംഭാവന നല്‍കിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.