സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ്; എമിറേറ്റിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ തിരിച്ചുവരാം; പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

0

ദുബായ്: താമസ, സന്ദര്‍ശക വിസക്കാര്‍, പൗരന്‍മാര്‍ എന്നിവര്‍ക്ക് എമിറേറ്റിനകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദുബായ് അധികൃതര്‍. താമസ വിസയുള്ളവര്‍ക്ക് ദുബായിലേക്ക് ജൂണ്‍ 22 തിങ്കളാഴ്ച മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.യുഎഇ വൈസ് പ്രസിഡന്‍റും പധാനമന്ത്രിയും ദുബായ് ഭരാണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം.

പൗരന്‍മാര്‍ക്കും താമസ വിസക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് ജൂണ്‍ 23 ചൊവ്വാഴ്ച മുതല്‍ യാത്ര ചെയ്യാം. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അതാത് രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റഡിസന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ്(ജിഡിആര്‍എഫ്എ), എയര്‍ലൈന്‍സ് എന്നിവയുടെ അനുമതി ലഭിക്കുന്നത് അനുസരിച്ച് ദുബായ് താമസ വിസയുള്ളവര്‍ക്ക് മടങ്ങിയെത്താം. കൊവിഡ് 19 ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് യാതാനുമതി നിഷേധിക്കാന്‍ എയര്‍ലൈന്‍സിന് അനുവാദമുണ്ട്.

തിരിച്ചുവരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദുബായിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.
  • നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക.
  • ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ GDRFA യുടെ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
  • ഡയറക്ടേറ്റ് നൽകുന്ന അനുമതി പ്രകാരമാണ് യാത്ര ചെയ്യേണ്ടത്.
  • തിരിച്ചുവരുന്നവർ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ പരിശോധനക്കും ചികിൽസക്കുമുള്ള ചെലവുകൾ വഹിക്കാമെന്ന് ഡിക്ലറേഷൻ നൽകണം.
  • ഇവർക്ക് ദുബായ് വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ്റ് നടത്തും.
  • പോസറ്റീവായാൽ ഇവർ 14 ദിവസം കൊറന്റയിനിൽ ഇരിക്കണം. സ്വന്തമായി താമസ സ്ഥലമുള്ളവർക്ക് ഹോം ക്വറന്റയിന് സൗകര്യമുണ്ടാകും. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് മറ്റുള്ളവരുണ്ട്, കൂടുതൽ പേർ തിങ്ങി താമസിക്കുന്ന സ്ഥലമാണ് എന്നുണ്ടെങ്കിൽ അവർ ഇൻസ്റ്റിറ്റ്യൂഷൻ കോറന്റയിനിൽ ഐസൊലേഷനിൽ പോകേണ്ടി വരും.
  • തൊഴിലുടമക്ക് വേണമെങ്കിൽ ഇവർക്ക് ഐസൊലേഷൻ സംവിധാനം ഒരുക്കാം. ആശുപത്രികളിലെയും കോവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമായാണ്.
  • തിരിച്ചെത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് തന്നെ covid 19 DXB എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം.

ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദുബായ് വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച രാജ്യങ്ങളിലേക്കാണ് തിരിച്ചുപോകാൻ അനുവദിക്കുക.
  • പോകുന്നതിന് മുമ്പ് ഇവർക്ക് പരിശോധന ആവശ്യമില്ല. എന്നാൽ, പോകുന്ന രാജ്യത്തിന്റെ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാൻ തയാറായിരിക്കണം.
  • അന്താരാഷ്ട്ര ഹെൽത്ത് ഇൻഷൂഷൻസ് കൈവശം വെക്കാൻ ശ്രദ്ധിക്കണം.
  • ഇവർ യാത്രപൂർത്തിയാക്കി തിരിച്ചുവന്നാൽ ദുബായ് വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റുകൾക്ക് ദുബായിലേക്ക് വരാൻ കഴിയുക.
  • ഇവർക്ക് വേണമെങ്കിൽ പുറപ്പെടുന്ന രാജ്യത്ത് നിന്ന് 96 മണിക്കൂർ മുമ്പ് നടത്തിയ പി സി ആർ ടെസ്റ്റിന്റെ ഫലവുമായി ദുബായിൽ ഇറങ്ങാം.
  • അല്ലെങ്കിൽ, ദുബായ് വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.
  • ഇതിന്റെ ചെലവ് ടൂറിസ്റ്റ് തന്നെ വഹിക്കണം. പരിശോധനയിൽ പോസറ്റീവ് ആയാൽ വിനോദസഞ്ചാരികളും 14 ദിവസം ക്വറന്റയിനിൽ കഴിയണം

വിമാനത്താവളത്തിലെത്തുന്ന എല്ലാവരെയും തെര്‍മല്‍ സ്ക്രീനിങിന് വിധേയമാക്കും. സന്ദര്‍ശകര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ഇവരെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ദുബായ് വിമാനത്താവളത്തിന് അവകാശമുണ്ട്. പൗരന്‍മാര്‍, താമസ വിസക്കാര്‍, സന്ദര്‍ശക വിസയിലെത്തുന്നവര്‍ എന്നിവരെല്ലാം തന്നെ ദുബായ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. എയര്‍ലൈനിന്‍റെ ഫോം പൂരിപ്പിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവ വെളിപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

യുഎഇയിലെ സ്കൂളുകൾ, യൂനിവേഴ്സറ്റികൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സെപ്തംബർ മുതൽ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് ഇതിനായി നിയോഗിച്ച സമിതി അറിയിച്ചു. കോവിഡ് സാഹചര്യം പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.