കോവിഡിന്റെ ഒമിക്രോൺ വകഭേദം യൂറോപ്പിൽ വ്യാപിക്കുന്നതിനിടെ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്‌മസ്, പുതുവർഷാഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടലിലേക്ക് പോവുക.
അത്യാവശ്യവസ്തുക്കളുടെയല്ലാത്ത കടകളും സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളും ജനുവരി നാലുവരെ അടച്ചിടും. സ്കൂളുകൾ ജനുവരി പത്തുവരെയും അടച്ചിടും. ക്രിസ്മസ് ദിനത്തിൽമാത്രം നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. ക്രിസ്മസിനു മുമ്പേ രാജ്യം നിയന്ത്രണത്തിലേക്കു പോകാനുള്ള സാധ്യത ബ്രിട്ടനും തള്ളിയിട്ടില്ല.
ജനുവരി പകുതിയോടെ യൂറോപ്പിൽ ഒമിക്രോൺ വകഭേദത്തിന്റെ ആധിപത്യമുണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല ഫൻ ദേർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ശനിയാഴ്ചമാത്രം ബ്രിട്ടനിൽ 90,418 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്സിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 20ന് 12,997 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനുമുൻപത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്.
കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തിൽ നെതർലൻഡ്സ്–നോർവേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. നിലവിൽ, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്.