അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ ഭൂചലനം

0

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 2.07നാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഫൈസാബാദിൽ നിന്ന് 89 കിലോമീറ്റർ തെക്ക് 200 കിലോമീറ്റർ ഡെപ്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ വസ്തുവകകളുടെ നഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. പാകിസ്താൻ, ഉസ്ബെക്കിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഈ മാസം ആദ്യം കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഈ വർഷം ജൂണിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 1,000-ലധികം പേർ മരിക്കുകയും 1,500-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പെര ജില്ലയിലും പക്തിക പ്രവിശ്യയിലെ ബർമല, സിറുക്, നാക, ഗയാൻ ജില്ലകളിലുമാണ് അന്ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പങ്ങൾ പതിവാണ്. പ്രത്യേകിച്ച് ഹിന്ദുകുഷ് പർവതനിരകളിൽ. യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ജംഗ്ഷനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.