തു‍ർക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം; സുനാമിക്ക് സമാനമായ കടലേറ്റം

0

ഏതൻസ്: തുർക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.0 മഗ്നിറ്റ്യൂട്ട് ശക്തി രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയില്‍ 14 പേര്‍ മരിച്ചു. 419 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഗ്രീസില്‍ രണ്ടുപേര്‍ മരിച്ചു. 15 ഉം 17 ഉം വയസുള്ള വിദ്യാര്‍ഥികളാണ് ഗ്രീസില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.തുര്‍ക്കിയില്‍ നിന്ന് 16.5 കിലോ മീറ്റര്‍ അകലെ ഈജിയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്മിര്‍ നഗരത്തില്‍ ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾ തകർന്നു. ഇസ്മിറിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ ഭൂകമ്പത്തിന്റെ തീവ്രത 7.0 രേഖപ്പെടുത്തിയപ്പോള്‍ തുര്‍ക്കി ദുരന്ത നിവാരണ സമിതി രേഖപ്പെടുത്തിയ തീവ്രത 6.6 ആണ്.

തുർക്കിയിൽ സുനായി ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. തുർക്കിയിലെ ഇസ്മിർ മേഖലയിലാണ് ഭൂകമ്പത്തിന് പിന്നാലെ കടൽ കരയിലേക്ക് ഇരച്ചു കയറിയത്. ശക്തി കുറഞ്ഞ മിനി സുനാമിയാണ് ഉണ്ടായത് എന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം.

രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് 70 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.