പ്രത്യാശയുടെ പുതുവെട്ടമേകി ഇന്ന് ഈസ്റ്റർ

0

തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തീയവിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. കോവി‍ഡ് നിയന്ത്രണങ്ങള്‍ ഒഴിവായ ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു.

സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസി മാര്‍പാപ്പ നേതൃത്വം നല്‍കി. യുദ്ധത്തിന്‍റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യുക്രെയ്ന്‍ യുദ്ധം നേരിട്ട് പരാമര്‍ശിക്കാതെയാണ് മാര്‍പ്പാപ്പയുടെ സന്ദേശം. അധിനിവേശ യുക്രെയ്ന്‍ നഗരമായ മെലിറ്റോപോളിന്‍റെ മേയറും മൂന്ന് യുക്രെയ്ന്‍ രാഷ്ട്രീയ നേതാക്കളും വത്തിക്കാനില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും ചിലയിടങ്ങളിൽ നേരം പുലരും വരെ തുടർന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ചു. തുടർന്ന് ഈസ്റ്റർ സന്ദേശം നൽകി. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവർത്തികളിൽ നിന്ന് എല്ലാ ക്രൈസ്തവരും വിട്ടു നിൽക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രതികാരം ചെയ്യുക എന്ന മനുഷ്യൻറെ സമീപനം ഇല്ലാതാകണമെന്ന് ലത്തീൻ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ഉയിര്‍പ്പിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശുശ്രൂഷയിലും വിശുദ്ധ കുര്‍ബാനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു

ഈസ്റ്റര്‍ സമാധാനത്തിന്‍റേതാകട്ടെയന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് യാക്കോബായ സിറിയൻ ചർച്ചിൽ യാക്കോബായസഭ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കുർബാനയർപ്പിച്ചു. കോട്ടയം ഏലിയാ ഓർത്തഡോക്സ് കത്തീഡ്രലിൽ പുലർച്ചെ നടന്ന ഉയിർപ്പ് ശുശ്രൂഷയിലും കുർബാനയിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി വർഗീസ് സക്കറിയ നേതൃത്വം നൽകി.