തിരുവനന്തപുരം: കൊവിഡും നിയന്ത്രണങ്ങളും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാക്കിയതായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. 2020- 21ല്‍ സംസ്ഥാനത്തിന്‍റെ കട ബാധ്യത 2,96,900 കോടി രൂപയാണ്. സംസ്ഥാനത്തിന്‍റെ കടവും മൊത്തം ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2019-20ല്‍ 31.58 ശതമാനമായിരുന്നു.
2020-21ല്‍ ഇത് 37.13 ശതമാനമായി. റവന്യു കമ്മി 1.76 ശതമാനത്തില്‍ നിന്ന് 2.51 ശതമാനമായും ധന കമ്മി മുന്‍ വര്‍ഷത്തെ 2.89 ശതമാനത്തില്‍ നിന്നും 20-21ല്‍ 4.40 ശതമാനമായും വര്‍ധിച്ചു.സംസ്ഥാനത്തിന്റെ വരുമാനത്തില്‍ നേരിയ വര്‍ധനവുണ്ടായി. മൂലധന വിഹിതം 1.03 ശതമാനത്തില്‍ നിന്ന് 1.61 ശതമാനമായി ഉയര്‍ന്നു. നിര്‍മാണ മേഖലയിലെ വളര്‍ച്ച കുറഞ്ഞ് മൈനസ് 8.94 ശതമാനമായി. പൊതുമേഖല സ്ഥാപനങ്ങളിലെ വിറ്റുവരവ് 4.7 ശതമാനം വര്‍ധിച്ചു.
വ്യവസായങ്ങളില്‍ കൊവിഡ് ആഘാതം രൂക്ഷമായിരുന്നു. വിതരണ മേഖലയിലെ തടസം, വിപണി അടച്ചുപൂട്ടല്‍, തൊഴില്‍ദിന നഷ്ടം എന്നിവ മിക്ക വ്യവസായങ്ങളുടെയും ഉത്പാദനത്തെയും നിലനില്‍പിനെയും ബാധിച്ചു. കൊവിഡ് വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. രാജ്യാന്തര സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തിന്‍റെ കുറവുണ്ടായി.
ടൂറിസം രംഗത്തെ വരുമാനം 2019ലെ 45,010 കോടിയില്‍ നിന്ന് 2020ല്‍ 11,335 കോടിയായി കുറഞ്ഞു. കാര്‍ഷിക രംഗത്തു വിള മേഖലയുടെ സംഭാവന വര്‍ധിച്ചു. ഇത് 4.32ല്‍ നിന്ന് 4.96 ശതമാനമായി ഉയര്‍ന്നു. 2019- 2020നെ അപേക്ഷിച്ച് 2020- 2021ല്‍ കാര്‍ഷിക മേഖല പുരോഗതിയിലെത്തി. കൃഷി അനുബന്ധ മേഖലകളുടെ വിഹിതം 8.38 ശതമാനത്തില്‍ നിന്നും 9.44 ആയി ഉയര്‍ന്നു.