റായിപ്പൂര്‍: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി സൗമയ ചൗരസ്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 150 കോടിയിലധികം രൂപയുടെ അനധികൃത ഖനന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.
ഛത്തീസ്ഗഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ (സിഎഎസ്) ഉദ്യോഗസ്ഥയാണ് സൗമയ ചൗരസ്യ. 2018ൽ ബഗേൽ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവര്‍ത്തിച്ചുവരുകയാണ് ഇവര്‍. ആദായ നികുതി (ഐടി) വകുപ്പ് അടക്കം കേന്ദ്ര ഏജന്‍സികള്‍ ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നുവെന്നാണ് വിവരം.
ഇതേ കേസിൽ നിരവധി റെയ്ഡുകൾ നടത്തിയതിന് ശേഷം ഒക്ടോബറിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ സമീർ വിഷ്‌ണോയിയെയും മറ്റ് രണ്ട് പേരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായികളും രാഷ്ട്രീയക്കാരും ഇടനിലക്കാരും ഉൾപ്പെടുന്ന ഒരു സംഘം ഛത്തീസ്ഗഡിൽ നിന്നും കയറ്റി അയക്കുന്ന ഓരോ ടൺ കൽക്കരിയിൽ നിന്നും ടണ്ണിന് 25 രൂപയിലേറെ വീതം അനധികൃതമായി ഈടാക്കുന്നു എന്ന ആരോപണമാണ് കേസിന് അടിസ്ഥാനമായ ആരോപണം.
കഴിഞ്ഞയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കേന്ദ്ര അന്വേഷണ ഏജൻസി അതിന്‍റെ പരിധികൾ ലംഘിക്കുന്നുവെന്നും സംസ്ഥാനത്ത് മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും ആരോപിച്ച് ബാഗേൽ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.
ജൂലൈയില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് സൗമയ ചൗരസ്യയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും 14 കോടി രൂപയുടെ വെളിപ്പെടുത്താത്ത പണവും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇവര്‍ നിരവധി കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
2020 ഫെബ്രുവരിയിൽ ചൗരസ്യയുടെ ഭിലായ് വീട്ടിൽ ആദ്യമായി ആദായനികുതി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആദായനികുതി റെയ്ഡുകളിൽ ഭരണഘടനാവിരുദ്ധവും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് അന്ന് റെയ്ഡില്‍ പ്രതിഷേധിച്ച് നരേന്ദ്ര മോദിക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കത്ത് അയച്ചിരുന്നു.
മുന്‍ ബിജെപി സർക്കാരിന്‍റെ കാലത്തെ അഴിമതികളെക്കുറിച്ച് തന്‍റെ സർക്കാർ ആരംഭിച്ച ക്രിമിനൽ അന്വേഷണങ്ങള്‍ തടസ്സപ്പെടുത്തനാണ് ഇത്തരം റെയ്ഡുകളെന്ന് ബാഗേലിന്റെ കത്തിൽ അന്ന് ആരോപിച്ചിരുന്നത്.