കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി. ആറ് ദിവസത്തെ സാവകാശമാണ് ഇഡിയോട് ബിനീഷ് ചോദിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി.
കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നു നോട്ടീസ്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റിനോട് ബിനീഷ് കോടിയേരി സാവകാശം ചേദിച്ചത്. സാവകാശം നല്‍കാനാവില്ലെന്ന ഇഡി അറിയിക്കുകയായിരുന്നു. ഇന്ന് തന്നെ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടർന്നാണ് പറഞ്ഞ സമയത്തിനു മുമ്പെ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്.
സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കേസിൽ ബിനാമി ഹവാല ഇടപാടുകളാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുക.
ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിരുവനന്തപുരത്തെ യുഎഎഫ് എക്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടര്‍മാരിലൊരാളായിട്ടുള്ള അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന വിവരങ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകള്‍ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.