പാലക്കാട് മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന്റെ രക്ഷാദൗത്യം ഏറ്റെടുത്ത കരസേന സംഘം ബാബുവിന്റെ അടുത്തെത്തി. ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.
സംഘത്തോട് ബാബു പ്രതികരിച്ചു. എന്നാല്‍ 40 മണിക്കൂറായി മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നെത്തിയ സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അര്‍ത്ഥത്തില്‍ കൂവി.
ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതിവീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്‌നിരക്ഷാസേനാംഗങ്ങളും രാത്രി വൈകിയും രക്ഷാശ്രമം തുടര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്.