പാരിസില്‍നിന്നു കെയ്‌റോയിലേക്കു പറക്കുന്നതിനിടെ 66 യാത്രക്കാരുമായി മെഡിറ്ററേനിയന്‍ കടലില്‍ വീണ ഈജിപ്ത് എയര്‍ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. കടലില്‍ വീണ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് .
അലക്‌സാന്‍ഡ്രിയയില്‍നിന്ന് 290 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് യാത്രക്കാരിലൊരാളുടെ ശരീരഭാഗവും ഏതാനും ലഗേജും സീറ്റ് ഉള്‍പ്പെടെ വിമാനഭാഗങ്ങളും ലഭിച്ചത് . വിമാനത്തെ റഡാറില്‍ അവസാനമായി കണ്ട ഭാഗത്തു കടലില്‍ എണ്ണപ്പാടയും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ത് ഉപഗ്രഹമെടുത്ത ചിത്രത്തില്‍ രണ്ടു കിലോമീറ്റര്‍ നീളത്തിലാണ് മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ ഭാഗത്ത് എണ്ണപ്പാട കണ്ടത്. ഈ ഭാഗത്തു വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിനു വേണ്ടിയുളള തെരച്ചില്‍ ഊര്‍ജിതമാക്കി. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.09 ന് പാരിസിലെ ചാള്‍സ് ഡി ഗോള്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 3.15 ന് കയ്‌റോ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം 2.30ന്, 37000 അടി ഉയരത്തില്‍ പറക്കുമ്പോഴാണു ദുരന്തം.
മൂന്നു കുട്ടികളുള്‍പ്പെടെ 56 യാത്രക്കാരും ഏഴു ജീവനക്കാരും മൂന്നു സുരക്ഷാ ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. കടലില്‍നിന്ന് ഇന്നലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ദുരന്തം സ്ഥിരീകരിച്ച് ഈജിപ്ത് സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി.30 ഈജിപ്ത് പൗരന്‍മാരും 15 ഫ്രഞ്ചുകാരും 2 ഇറാഖികളും ബ്രിട്ടന്‍, കാനഡ, ബെല്‍ജിയം, കുവൈറ്റ്, സൗദി അറേബ്യ, അള്‍ജീരിയ, സുഡാന്‍, ചാഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഒരോ യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. .