
കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കല്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. ഉന്നതർ പലരും ബ്ലാക് മെയിലിങ് ഭയന്നാണു മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച്. മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ.
തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ ദൃശ്യങ്ങൾ മോന്‍സണ്‍ മാവുങ്കല്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാന്‍ കാരണം.
പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.
മോൻസൻ കോടികൾ തിരിച്ചുനൽകാൻ ഉള്ള പലരും ബ്ലാക് മെയിലിങ് ഭയന്നാണ് പരാതി നൽകാത്തതെന്നാണു വിവരം. മസാജ് സെന്ററിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫൊറൻസിക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതൽ യുവതികൾ മോൻസനെതിരെ പരാതിയുമായി വരുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.