കാഠ്മണ്ഡു: നേപ്പാളിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം വകുപ്പാണ് എട്ടുപേരുടെ മരണത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് സംഭവം. 15 അംഗ മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്.
മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39) ഭാര്യ ഇന്ദുലക്ഷ്മി(34) മകന്‍ വൈഷ്ണവ്(രണ്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ തന്നെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിനു സാധ്യത കുറവാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നേപ്പാളില്‍ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി പ്രവീണിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.
നാളെ മൂന്ന് മണിക്ക് മുൻപ് നടപടികള്‍ തീര്‍ത്ത് പോസ്റ്റ്മോര്‍ട്ടം പൂർത്തിയാക്കിയാല്‍ മാത്രമേ നേപ്പാളിൽ നിന്ന് കൊണ്ടുവരാനാകൂ. അതിന് സാധ്യത കുറവാണെന്ന് കടകംപളളി വ്യക്തമാക്കി. നേപ്പാള്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേങ്ങള്‍ നാളെ വൈകുന്നേരത്തിന് മുന്‍പ് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉറപ്പുനൽകിയതായി കോഴിക്കോട് എംപി എം കെ രാഘവൻ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.
പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓർമ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്. സുഹൃത്തുക്കളെല്ലാം പാപ്പനംകോട് എൻജിനീയറിങ് കോളജിലെ 2000–2004 ബാച്ചിൽപ്പെട്ടവർ. സൗഹൃദത്തിന്റെ 20 വർഷങ്ങൾ ആഘോഷിക്കാൻ അടുത്ത വർഷം റീ യൂണിയനും പദ്ധതിയിട്ടിരുന്നു. അപകടത്തിൽ മരിച്ച പ്രവീണാണ് റീയൂണിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
എൻജിനീയറിങ് കോളജിലെ ബാച്ചിലുണ്ടായിരുന്ന 56 പേരും പഠനത്തിനുശേഷവും അടുത്ത സൗഹൃദം പുലർത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള ഇവരെല്ലാം ഇടയ്ക്കിടെ ഒത്തുചേരാറുണ്ടായിരുന്നു. കുടുംബവുമായി യാത്രകളും പതിവായിരുന്നു. വാട്സാപ്പ് വഴിയും ഫോൺ കോളുകളിലൂടെയും സൗഹൃദം നിലനിർത്തി. ഇത്രയും ദൂരേക്ക് യാത്ര പോകുന്നത് ആദ്യമാണെന്ന് സുഹൃത്തുക്കൾ പറയുന്നു. നേപ്പാളിലാണെന്നും വെള്ളിയാഴ്ച തിരിച്ചു വരുമെന്നുമാണ് പ്രവീൺ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.