ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: തയ്യാറാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

0

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ദിവസങ്ങൾക്ക് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പ് സംവിധാനത്തിന് തയ്യാറാണെണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ന്യൂസ് 18-നോട് വ്യക്തമാക്കിയത്.

ഇതിന് വേണ്ട എല്ലാതരത്തിലുള്ള നിയമ ഭേദഗതികള്‍ വരുത്തിയാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണ് സുനില്‍ അറോറ പറയുന്നു. നവംബര്‍ മാസത്തിലാണ് ഒരു ഇന്ത്യ, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണം എന്ന കാര്യം പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. വിവിധ തെരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളില്‍ നടക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന കാര്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

2015-ലും 2018-ലും വിവിധ സമിതികൾ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തിരുന്നു. 2015ല്‍ ഇഎം സുദര്‍ശന്‍ നാച്ചിയപ്പന്‍ നേതൃത്വം നല്‍കിയ പാര്‍ലമെന്‍റ് കമ്മിറ്റി ഇത്തരത്തിലുള്ള ഒരു നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 2018ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രീതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തം വർധിപ്പിക്കും. അപ്രായോഗികമായ ആശയമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഈ തിരഞ്ഞെടുപ്പ് രീതിയെ വിലയിരുത്തുന്നത്.