ന്യൂഡൽഹി: അടുത്ത അഞ്ചു വർഷം രാജ്യം ആരു ഭരിക്കുമെന്ന് ഇന്നറിയാം. പതിനെട്ടാം ലോക്സഭയിലേക്ക് ഏഴു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ആന്ധ്രപ്രദേശ്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ഇതോടൊപ്പം അറിയാം. രാവിലെ എട്ടു മുതലാണു വോട്ടെണ്ണൽ.എക്സിറ്റ് പോളുകൾ ഭൂരിപക്ഷവും എൻഡിഎയ്ക്ക് 350ലേറെ സീറ്റുകളോടെ മൂന്നാമൂഴം പ്രവചിക്കുന്നുണ്ട്. എന്നാൽ, ഇവ തള്ളിയ പ്രതിപക്ഷം പ്രതീക്ഷ കൈവിടുന്നില്ല. 295 സീറ്റുകൾ “ഇന്ത്യ’ സംഘത്തിന് ലഭിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആവർത്തിക്കുന്നു.
നടപടിക്രമങ്ങൾ ഇങ്ങനെ
-1961ലെ തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് വരണാധികാരിയുടെ മേശയിൽ ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്.
-വോട്ടെണ്ണൽ തുടങ്ങുന്നതിനു മുൻപ് നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ച തപാൽ വോട്ടുകൾ മാത്രമാകും പരിഗണിക്കുക.
-ഇവ എണ്ണിത്തുടങ്ങിയാൽ 30 മിനിറ്റിനുശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും.
-തപാൽ വോട്ടുകളില്ലെങ്കിൽ ആദ്യം തന്നെ വോട്ടിങ് യന്ത്രങ്ങൾ പരിഗണിക്കും.
– യന്ത്രത്തിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് വോട്ടെണ്ണുന്നതിന് എത്തിക്കുക.
-എണ്ണുന്നതിനു മുൻപ് ഫോം 17 സിയിൽ ഒപ്പുവച്ച പോളിങ് ഏജന്‍റുമാർ വോട്ടിങ് യന്ത്രത്തിൽ പോളിങ് ദിനത്തിൽ സ്ഥാപിച്ച കടലാസ് സീൽ പരിശോധിച്ച് ഉറപ്പുവരുത്തണം.
കൗണ്ടിങ് സൂപ്പർവൈസർ, മൈക്രോ ഒബ്സർവർ, കൗണ്ടിങ് ഏജന്‍റുമാർ എന്നിവരെ ഫലം കാണിച്ചശേഷം ഇത് ഫോം 17സിയുടെ പാർട്ട് 2ൽ രേഖപ്പെടുത്തണം.
തെങ്കിലും വോട്ടിങ് യന്ത്രത്തിൽ ഫലം തെളിയുന്നില്ലെങ്കിൽ മറ്റെല്ലാ യന്ത്രങ്ങളിലെയും വോട്ട് എണ്ണിയശേഷം തകരാറുണ്ടായ കൺട്രോൾ യൂണിറ്റിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും.
– ഓരോ യന്ത്രത്തിലെയും ഫലം ഫോം 17 സി പാർട്ട് രണ്ടിൽ രേഖപ്പെടുത്തിയശേഷം കൗണ്ടിങ് സൂപ്പർവൈസർമാരും സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്‍റുമാരും ഒപ്പുവയ്ക്കണം.
– തുടർന്ന് ഈ ഫോം 17സി രേഖകൾ അന്തിമ ഫലം തയാറാക്കുന്ന ഓഫിസർക്കു കൈമാറും. അദ്ദേഹം ഇവയെല്ലാം കൂട്ടിച്ചേർത്ത് ഫോം 20ൽ അന്തിമ ഫലമെഴുതും.
– ഇതിനു ശേഷം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും.
– ഓരോ അസംബ്ലി മണ്ഡലത്തിലെയും ഏതെങ്കിലും അഞ്ച് ബൂത്തുകൾ, അല്ലെങ്കിൽ ഓരോ പാർലമെന്‍റ് മണ്ഡലത്തിന്‍റെയും ഭാഗമായ അസംബ്ലി മണ്ഡലത്തിലെ ഏതെങ്കിലും ബൂത്ത് എന്ന ക്രമത്തിലാകും വിവിപാറ്റ് എണ്ണാനായി തെരഞ്ഞെടുക്കുന്നത്.